തിരുവനന്തപുരം: മെഴ്സിഡസ് ബെന്‍സ് ശ്രേണിയിലെ എയര്‍ബസില്‍ തലസ്ഥാനത്ത് പറന്നിറങ്ങി മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരും ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്.
എറണാകുളത്ത് ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കവടിയാര്‍ ഗോള്‍ഫ് ക്ലബിന് സമീപത്തെ മൈതാനത്ത് ഇറങ്ങിയത്. എറണാകുളത്തെ പരിപാടിയില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയും പങ്കെടുത്തിരുന്നു.
മഴ രൂക്ഷമാവുകയാണെങ്കില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ മൈതാനത്ത് തന്നെ ഇറക്കുകയായിരുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അദ്ദേഹത്തെ സ്വീകരിക്കാന്‍ സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹെലികോപ്റ്ററില്‍ എത്തിയതെന്നാണ് നിഗമനം.