ജീവിതയാതനകളുടെ പരമ്പര കൊണ്ട് കണ്ണിൽ വെള്ളം നിറയാതെ വായിക്കാനാവില്ലെന്ന് വിലയിരുത്തപ്പെട്ട എം.കുഞ്ഞാമന്റെ ‘എതിർ’ എന്ന ആത്മകഥയ്ക്കാണ് ഇത്തവണ കേരള സാഹിത്യ അക്കാദമി അവാർഡ്. പക്ഷേ സാഹിത്യ അക്കാദമി അവാര്‍ഡ് സാമ്പത്തികശാസ്ത്ര പണ്ഡിതനായ ഡോ.എം.കുഞ്ഞാമൻ നിരസിച്ചു. ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ അവാര്‍ഡ് നിരസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചതായും കുഞ്ഞാമന് വ്യക്തമാക്കി.
താന്‍ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ പുരസ്കാരത്തിനോ വേണ്ടിയല്ല. സാമൂഹികമായും അക്കാദമികമായുമുള്ള പ്രേരണയുടെ പുറത്താണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ പുരസ്കാരം നന്ദിയോടെ നിരസിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. ‘എതിർ’ എന്ന കൃതിക്കായിരുന്നു പുരസ്കാരം. ആത്മകഥ, ജീവചരിത്രം വിഭാഗത്തിൽ എം കുഞ്ഞാമനും പ്രൊ. ടിജെ ജോസഫിന്‍റെ അറ്റ്‍പോകാത്ത ഓര്‍മ്മകൾ എന്ന പുസ്തകത്തിനുമായിരുന്നു പുരസ്കാരം.