ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിസഭാംഗങ്ങളുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 612 ആയിരുന്നെങ്കിൽ പിണറായി സർക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ അംഗബലം 489 മാത്രം. ഒന്നാം പിണറായി സർക്കാരിൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 448 മാത്രവുമായിരുന്നു. സ്റ്റാഫിന്റെ കാര്യത്തിൽ രണ്ടു സർക്കാരുകൾ തമ്മിലുള്ള അന്തരം ഇതായിരിക്കെ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം:
http://www.niyamasabha.org/codes/13kla/session_13/ans/u00028-090315-801000000000-13-13.pdf
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം:
http://www.niyamasabha.org/codes/14kla/session_7/ans/u00003-070817-848000000000-07-14.pdf
നിലവിൽ എൽ ഡി എഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഉൾപ്പെടെ 20 മന്ത്രിമാർക്ക് 489 പേഴ്സണൽ സ്റ്റാഫംഗങ്ങളാണുള്ളത്. മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുന്നതിനു മുമ്പ് മന്ത്രിസഭയുടെ അംഗബലം 21 ആയിരിക്കുമ്പോൾ ആകെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 497 ആയിരുന്നു. എന്നാൽ അദ്ദേഹം രാജിവച്ചതിന് ശേഷം സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം, ഫിഷറീസ്, യുവജനക്ഷേമം എന്നീ വകുപ്പുകൾ യഥാക്രമം വി.എൻ. വാസവൻ, വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് കൈമാറി. അതേത്തുടർന്ന് സജി ചെറിയാൻറെ പേഴ്സണൽ സ്റ്റാഫംഗങ്ങളായിരുന്ന 17 പേരെ ഈ മന്ത്രിമാരുടെ ഓഫീസുകളിലേക്ക് നിയമിച്ചു. മേൽപ്പറഞ്ഞ വകുപ്പുകൾ അധികമായി വരുമ്പോൾ അത് കൈകാര്യം ചെയ്യാനാണ് ഈ രീതിയിൽ ക്രമീകരണമുണ്ടാക്കിയത്. മന്ത്രി രാജിവെക്കുമ്പോൾ വകുപ്പുകൾ ഇല്ലാതാകുന്നില്ല എന്ന വസ്തുതയും ഈ പുനർ വിന്യാസത്തിന്റെ ഭാഗമാണ്. സജി ചെറിയാൻറെ സ്റ്റാഫിൽ ഉണ്ടായിരുന്ന ഒരംഗത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലും നിയോഗിച്ചിട്ടുണ്ട്. ഒരാളെക്കൂടി ഉൾപ്പെടുത്തുമ്പോൾ 33 പേരാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ളത്. മുഖ്യമന്ത്രിക്ക് 37 പേരെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കാം.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ ആവശ്യത്തിന് മാത്രം മതി എന്നാണ് എൽ ഡി എഫിൻറെ നയം. ഒന്നാം പിണറായി സർക്കാരിലും ഈ രീതിയാണ് തുടർന്നുവന്നത്. ഇപ്പോഴും അതിനു മാറ്റമുണ്ടായിട്ടില്ല. എന്നാൽ, ഒരു മന്ത്രി രാജിവച്ചതോടു കൂടി അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് കൈമാറുമ്പോൾ സ്റ്റാഫംഗങ്ങളെ ആ വകുപ്പിൻറെ ചുമതലകൾ നിർവ്വഹിക്കുന്നതിനായി നിയമിച്ചുവെന്നതാണ് വസ്തുത. സജി ചെറിയാന്റെ സ്റ്റാഫിൽ ഡെപ്യുട്ടേഷനിൽ ഉണ്ടായിരുന്ന 4 പേർ മാതൃ വകുപ്പിലേക്ക് മാറുകയും, 3 പേർ ഒഴിവാകുകയും ചെയ്തു. വി അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിപ്പോയ ഒഴിവിലേക്കാണ് സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളെ നിയമിച്ചത്.
നിലവിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ വിവരം ചുവടെ. മുഖ്യമന്ത്രി – 33, കെ. രാജൻ – 25, റോഷി അഗസ്റ്റിൻ – 23, കെ. കൃഷ്ണൻകുട്ടി – 23, എ.കെ. ശശീന്ദ്രൻ – 25, ആൻറണി രാജു – 19, അഹമ്മദ് ദേവർകോവിൽ – 25, പി. രാജീവ് – 24, കെ.എൻ. ബാലഗോപാൽ – 21, എം.വി. ഗോവിന്ദൻ മാസ്റ്റർ – 23, കെ. രാധാകൃഷ്ണൻ – 23, വി.എൻ വാസവൻ – 27, പി.എ. മുഹമ്മദ് റിയാസ് – 28, വി. ശിവൻകുട്ടി – 25, വീണ ജോർജ്ജ് – 22, ആർ. ബിന്ദു – 21 , വി. അബ്ദുറഹ്മാൻ – 28 , ജി.ആർ. അനിൽ – 25, പി. പ്രസാദ് – 24, ജെ ചിഞ്ചുറാണി – 25 എന്നിങ്ങനെയാണ് സ്റ്റാഫംഗങ്ങളുടെ എണ്ണം.
അതേസമയം ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ആകെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 612 ആയിരുന്നു. സ്റ്റാഫിൽ പരമാവധി 30 പേരെ നിയമിക്കാൻ സർക്കാർ വ്യവസ്ഥ ചെയ്തിരുന്നതായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 24.06.2013 ൽ ഇ.പി. ജയാരാജന്റെയും, 09.03.2015 ൽ സി കെ സദാശിവന്റേയും ചോദ്യത്തിനു മറുപടിയായി നിയമസഭയിൽ അറിയിച്ചിട്ടുള്ളതാണ്. യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമായി 55 പേഴ്സണൽ സ്റ്റാഫംഗങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഇന്ന് ആഭ്യന്തരം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമ്പോഴും മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങൾ 33 മാത്രമാണ്.
http://www.niyamasabha.org/codes/13kla/session_9/ans/u03243-240613-238000000000-09-13.pdf
http://www.niyamasabha.org/codes/13kla/session_13/ans/u00017-090315-589000000000-13-13.pdf
വസ്തുത ഇങ്ങനെയായിരിക്കെ ചില മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ എൽ.ഡി.എഫ് നയം അട്ടിമറിച്ച് കൂടുതൽപേരെ നിയമിച്ചുവെന്ന തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിക്കുകയാണ്. എൽ.ഡി.എഫിൻറെ പ്രഖ്യാപിത നയത്തിൽ നിന്നുകൊണ്ടാണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചിരിക്കുന്നത്.