ഗോണ്ട: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് മുത്തലാഖ് ചൊല്ലിയതായും പരാതി. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന ബന്ധുവിനായി തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് നിരന്തരം സ്ത്രീധനം ആവശ്യപ്പെടാറുണ്ടെന്നും അതിന്റെ പേരിൽ തന്നെ മർദ്ദിക്കാറുണ്ടെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മർദ്ദനത്തെത്തുടർന്ന് യുവതി മാതൃവീട്ടിലേക്ക് മാറിത്താമസിച്ചു. ചൊവ്വാഴ്ച, ഭർത്താവും ബന്ധുവും യുവതി താമസിക്കുന്ന വീട്ടിലേക്ക് പോയി ആരുമില്ലാത്ത സമയം യുവതിയെ ഇരുവരും ബലാത്സംഗം ചെയ്തെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ഭർത്താവ് യുവതിയെ മർദിക്കുകയും വിവാഹ മോചനത്തിനായി ‘മുത്തലാഖ്’ ചൊല്ലുകയും ചെയ്തു. ഒളിവിൽ പോയ ബന്ധുവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.