KeralaNEWS

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിവീണു, മുഖ്യമന്ത്രിയുടെ ഇരുന്ന ഭാഗത്തെ ചില്ലില്‍ ഇടിച്ച് പ്രതിഷേധം

കൊച്ചിയിലെ കാക്കനാട്ടും കളമശേരിയിലും ആലുവയിലും മുഖ്യമന്ത്രിക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാക്കനാട്ട് ഓടുന്ന കാറിനു മുന്നിലേക്കു കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചാടി വീണതോടെ കാർ നിർത്തേണ്ടിവന്നു. കാറിൽ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ നിരന്തരം ഇടിച്ച പ്രവർത്തകനെ പൊലീസെത്തി പിടിച്ചുമാറ്റി. രാവിലെ ഇവിടെ കരിങ്കൊടിയുമായി വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തിരുന്നു. പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുനിന്ന പ്രവർത്തകനാണ് മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു പ്രതിഷേധിച്ചത്.

കളമശേരിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ആലുവ കമ്പനിപ്പടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ വഴിയിൽനിന്നു കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്‍റോ പി. ആന്‍റു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം. പൊലീസിന്‍റെ കണ്ണുവെട്ടിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കു ചാടിവീണ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

Signature-ad

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു

സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് കടുത്ത സുരക്ഷാ വലയത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞുനിർത്തിയാണ് കാക്കനാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്. പലയിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായെങ്കിലും വാഹനം നിർത്തേണ്ടിവന്നത് ഇതാദ്യമാണ്. സുരക്ഷയ്ക്കായി നിരന്നുനിന്ന പൊലീസ് സുരക്ഷാ വലയം ഭേദിച്ചായിരുന്നു യൂത്തു കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. കാക്കനാട് സർക്കാർ പ്രസിലെ ഉദ്ഘാടന ചടങ്ങു കഴിഞ്ഞു പുറത്തിറങ്ങുമ്പേോൾ കലക്ട്രേറ്റ് ജംക്‌ഷനിൽ വച്ചായിരുന്നു സംഭവം.

കാറിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കെത്തിയാണ് ഇയാൾ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രി ഇരിക്കുന്ന ഭാഗത്തെ ചില്ലിലിടിച്ചും പ്രതിഷേധിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഒരു നിമിഷം അന്തിച്ചുപോയെങ്കിലും പൊലീസെത്തി പ്രവർത്തകനെ പിടിച്ചുമാറ്റി. ഇതിനുശേഷമാണ് വാഹനം കടന്നുപോയത്.

പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പായിരുന്നതിനാൽ സ്ഥലത്തു തമ്പടിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തരെ പൊലീസ് നേരത്തെ തന്നെ സ്റ്റേഷനിലേയ്ക്കു മാറ്റിയിരുന്നു. സാധാരണയായി ഖദർ വേഷം ധരിച്ചെത്തുന്ന പ്രതിഷേധക്കാർക്കിടയിൽ കള്ളിമുണ്ടും ധരിച്ചെത്തിയ യൂത്തു കോൺഗ്രസ് പ്രവർത്തകനെ പൊലീസിനു തിരിച്ചറിയാനായില്ല. ഇയാൾ ഇവിടുത്തുകാരനല്ലെന്നും പൊലീസ് പറയുന്നു.

പോക്കറ്റ് റോഡിൽ നിന്നു കയറിവന്ന അകമ്പടി വാഹനത്തിനു മുന്നിലേയ്ക്കാണ് ഇയാൾ എടുത്തു ചാടിയത്. അകമ്പടി വാഹനം നിർത്തിയതോടെ പിന്നാലെയെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനും നിർത്തേണ്ടി വന്നു. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാർ പ്രതിഷേധക്കാരനെ കണ്ട് വലതു ഭാഗത്തേയ്ക്കു വെട്ടിച്ചെങ്കിലും അവിടെ മതിലായിരുന്നതിനാൽ ഡ്രൈവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. ഈ സമയം കൊണ്ടാണ് മുഖ്യമന്ത്രി ഇരുന്ന സീറ്റിനു നേരെയുള്ള ചില്ലിനടുത്തേയ്ക്കെത്തി പ്രതിഷേധക്കാരൻ കരിങ്കൊടി കാട്ടിയതും ചില്ലിലിടിച്ചതും.

Back to top button
error: