IndiaNEWS

മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്നും കേന്ദ്രമന്ത്രി പിന്മാറി, റെയില്‍വേ മന്ത്രിക്കെതിരെ മൂന്നു കേരള മന്ത്രിമാരുടെ പ്രതിഷേധം

   മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറിയ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കേരള മന്ത്രിമാര്‍ രംഗത്ത്. ദില്ലിയില്‍ എത്തിയ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആൻ്റണി രാജു എന്നീ മന്ത്രിമാ‍ര്‍ക്കാണ് റെയില്‍വേ മന്ത്രിയെ കാണാന്‍ സാധിക്കാതെ വന്നത്.

ഇന്നലെയാണ് മൂന്ന് മന്ത്രിമാരും ഡല്‍ഹിയില്‍ എത്തിയത്. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാനെത്തിയത്. എന്നാല്‍ റെയില്‍വേ മന്ത്രിയെ കാണാന്‍ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം കേരള മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു.

Signature-ad

കാണാം എന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ഡല്‍ഹിയില്‍ എത്തിയതെന്നും മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് മന്ത്രി തയ്യാറായില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയുടേത് ജനാധിപത്യവിരുദ്ധമായ നിലപാടാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റെയിൽവേ വികസനം സംബന്ധിച്ച്‌ നിവേദനം നൽകാനെത്തിയ മൂന്ന് കേരള മന്ത്രിമാരെ കാണാൻ വിസമ്മതിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ നിലപാട് പ്രതിഷേധാർഹമാണെന്നും ഇത് ബി.ജെ.പി ഗവണ്മെൻ്റ് നയമാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം എന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

 

Back to top button
error: