കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
കര്‍ക്കടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. പുണ്യമാസം, രാമായണമാസം, പഞ്ഞമാസം എന്നെല്ലാം അറിയപ്പെടുന്ന കര്‍ക്കടക മാസത്തെ ഹൈന്ദവ വിശ്വാസികള്‍ വലിയ ഭക്തിയോടെയാണ് കാണുന്നത്. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണത്രേ. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതിനാലാണ് കര്‍ക്കടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ഇത്തവണ ജൂലൈ 28 വ്യാഴാഴ്ചയാണ് കര്‍ക്കടക വാവ്. അന്നാണ് ദക്ഷിണായനത്തിലെ ആദ്യ അമാവാസി.
ക്ഷേത്രങ്ങളൊക്കെ വാവ് ബലിക്ക് ഒരുങ്ങി. തെക്കന്‍ കാശി എന്നറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രത്തില്‍ കര്‍ക്കിടക ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആലുവ ശിവരാത്രി മണപ്പുറവും ഒരുങ്ങി. 80 ബലിത്തറകളാണ് ഇക്കുറി ദേവസ്വം ബോർഡ് തയ്യാറാക്കുന്നത്. മണപ്പുറത്ത് ഇക്കുറി വലിയ ഭക്തജനപ്രവാഹമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ഒരുങ്ങി. നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ ആരംഭിക്കുന്ന ബലിതര്‍പ്പണം ഉച്ചവരെ നീണ്ടുനില്‍ക്കും. ഒരു സമയം അഞ്ഞൂറിലേറെ പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം ക്ഷേത്രത്തിലൊരുക്കിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനെത്തുന്ന ഒരാളെയും കടലില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. കടല്‍ത്തീരത്ത് കെട്ടിയ കൈവേലി അടുത്ത് നിന്ന് വേണം ഭക്തര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍.
തിരുവല്ലം പരശുരാമ ക്ഷേത്രം, ശിവഗിരി മഠം, അരുവിപ്പുറം മഠം, അരുവിക്കര, വർക്കല പാപനാശം, ജനാർദ്ദന സ്വാമി ക്ഷേത്രം തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിയിടൽ ചടങ്ങ് നടക്കും. ശംഖുമുഖത്ത് ഇത്തവണ ചടങ്ങുകൾ നടക്കുന്നില്ല.
താന്ത്രികൻ ചൊല്ലുന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലി പിത്യ തർപ്പണം നടത്തി പൂർവികരുടെ ആത്മാവിനെ പ്രസാദിപ്പിക്കാൻ ക്ഷേത്രങ്ങളിൽ ആയിരങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ.
പിതൃ പൂജയും തിലഹോമവുമാണ് ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകൾ. മുമ്പ് അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമാണ് കര്‍ക്കിടക വാവ് ബലി സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. ഇപ്പാൾ പ്രധാന ക്ഷേത്രങ്ങളിലൊക്കെ വാവ് ബലിക്ക് ക്രമീകരങ്ങൾ ഒരുക്കിയിട്ടുണ്ട്.