IndiaNEWS

ഇന്നലെ രണ്ട്, ഇന്ന് ഒന്ന്; ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യചെയ്ത പ്ലസ് ടു വിദ്യാര്‍ഥികളുടെ എണ്ണം അഞ്ച് ആയി

ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച് വീണ്ടും പ്ലസ് ടു വിദ്യാര്‍ഥിയുടെ ആത്മഹത്യ. ഇന്നു രാവിലെ ശിവഗംഗയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുട്ടി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കണക്ക്, ബയോളജി വിഷയങ്ങള്‍ ബുദ്ധിമുട്ടേറിയതിനിലാണ് ആത്മഹത്യ എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

തമിഴ്നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ആത്മഹത്യാ കേസാണ് ഇത്. ഇതില്‍ നാലുപേര്‍ വിദ്യാര്‍ഥിനികളാണ്. ഇതില്‍ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഒരു മരണം ഇന്ന് രാവിലെയുമാണ് സംഭവിച്ചത്. കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിലും അയ്യംപെട്ടിയിലമായിട്ടായിരുന്നു മറ്റ് നാല് ആത്മഹത്യകള്‍.

ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇന്നലെയാണ് തൂങ്ങിമരിച്ചത്. പടക്ക നിര്‍മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ്്. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയായിരുന്നു ഇത്.

 

കടലൂര്‍ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെണ്‍കുട്ടിയാണ് ഇന്നലെ ആത്മഹത്യ ചെയ്ത മറ്റൊരു പെണ്‍കുട്ടി.
പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

 

തിരുവള്ളൂരിലെ കീഴ്‌ചേരിയില്‍ തിങ്കളാഴ്ച സ്‌കൂള്‍ ഹോസ്റ്റലില്‍നിന്നു ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയിരുന്നു. സേക്രഡ് ഹാര്‍ട്ട്‌സ് എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. രാവിലെ സ്‌കൂളില്‍ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജന്മനാടായ തിരുത്തണിയില്‍ സംസ്‌കാരച്ചടങ്ങ് നടന്നു.

 

കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഈ മാസം 13 ന് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത് വന്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്‌കൂള്‍ ബസുകള്‍ തീവെച്ചുനശിപ്പിക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. പഠനത്തിന്റെ പേരില്‍ അധ്യാപകരുടെ അമിത സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇതിലെ അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയിട്ടുണ്ട്. സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വന്‍ അക്രമസംഭവങ്ങള്‍ നടന്ന കള്ളക്കുറിച്ചിയിലെ സ്‌കൂളിലും പരിസരത്തും നിരോധനാജ്ഞ തുടരുകയാണ്.

കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ വിഴുപുരത്ത് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിക്രവാണ്ടിയിലെ ഫാര്‍മസി കോളേജിലാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന കുറിപ്പെഴുതിവെച്ച ശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലസ് ടു വിദ്യാര്‍ഥികളുടെ ആത്മഹത്യ കേസുകള്‍ കൂടി വരുന്നതില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നു മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചിരുന്നു. കുട്ടികളെ മാനസികമായും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങളില്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും ഇന്നലെ ചെന്നൈയിലെ ഒരു കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: