തൊഴിൽ വകുപ്പ് ഓൺ ലൈൻ ടാക്സി രംഗത്തേക്കും കടക്കുകയാണ്. നിരവധി പ്രതിസന്ധികൾ നേരിടുന്ന ഓട്ടോ -ടാക്സി തൊഴിലാളി മേഖലയ്‌ക്കൊരു കൈത്താങ്ങ് എന്ന നിലയിലും മോട്ടോർ വാഹന വകുപ്പ് നിഷ്‌കർഷിച്ച സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിരക്കിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ചിങ്ങം ഒന്നിന് സർക്കാരിന്റെ ഓണ സമ്മാനമായി കേരള സവാരി നമ്മുടെ നിരത്തുകളിലെത്തും. നൂറ് ശതമാനം സുരക്ഷിതവും തർക്കരഹിതവുമായ യാത്ര എന്നതാണ് കേരള സവാരി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം. ആഗസ്റ്റ് 17 (ചിങ്ങം ഒന്ന്)ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്നിൽ വച്ച് കേരള സവാരി പദ്ധതി ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും.
ബഹുരാഷ്ട്ര കമ്പനികളടക്കി വാഴുന്ന രംഗത്തേക്കാണ് തൊഴിലാളി ക്ഷേമം കൂടി ലക്ഷ്യമാക്കി ഈ സർക്കാർ മുന്നിട്ടിറങ്ങുന്നത്.
നിലവിലെ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളിലെല്ലാം
മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. കൂടുതൽ സവാരി കിട്ടുന്ന സാഹചര്യത്തിൽ ആ നഷ്ടം സഹിക്കാൻ തൊഴിലാളികൾ തയ്യാറാവുകയാണ്. സ്റ്റാൻഡുകളിൽ നിൽക്കുന്നവർക്ക് പഴയപോലെ സവാരികൾ കിട്ടുന്നുമില്ല. സ്ഥിരം ടാക്‌സി സ്റ്റാൻഡുകൾ പലതും അപ്രത്യക്ഷമായി . പലർക്കും തൊഴിലില്ലാത്ത അവസ്ഥയാണ്.
ഇന്നത്തെ കാലത്തു ഓൺലൈൻ ടാക്‌സി സംവിധാനത്തെ കൂടുതൽ ഉപയോഗപ്പെടുത്താനാണു ആളുകൾ താൽപര്യപ്പെടുന്നത്. താൻ നിൽക്കുന്ന സ്ഥലത്ത് തന്നെ തേടിയെത്തുന്ന വാഹനം എന്നതാണ് ഓൺലൈൻ ടാക്സി സർവീസുകളുടെ പ്രധാന ആകർഷണം.
ഈ സാഹചര്യത്തിൽ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് മോട്ടോർ തൊഴിലാളി മേഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് തൊഴിൽവകുപ്പ് സർക്കാർ മേഖലയിൽ ഒരു ഓൺലൈൻ ടാക്‌സി എന്ന ആശയം പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചത്.
പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡാണ് ഈ പദ്ധതി നടപ്പിലാക്കുക. പൊതുമേഖലാ സ്ഥാപനമായ പാലക്കാടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയത്.
സുരക്ഷിതവും തർക്കരഹിതവുമായ യാത്ര എന്നതിനപ്പുറം സർക്കാർ നിശ്ചയിച്ചിട്ടുള്ള യാത്രാ നിരക്കിൽ തന്നെ ഓട്ടോ- ടാക്‌സി സർവീസ് പൊതുജനങ്ങൾക്ക് ഓൺ ലൈനായി ഉറപ്പാക്കും.
മറ്റു ഓൺലൈൻ പ്ലാറ്റുഫോമുകളെ പോലെ നിരക്കുകളിൽ കൃത്യതയില്ലാത്ത ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയില്ല.