ബര്‍മിങ്ഹാം: 2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇത് നാലാം തവണയും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യത്തെ തവണയുമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയരാവുന്നത്. ബര്‍മിങ്ഹാമില്‍ ചേര്‍ന്ന ചേര്‍ന്ന ഐസിസി വാര്‍ഷിക കൗണ്‍സില്‍ യോഗമാണ് വനിതാ ലോകകപ്പ് വേദി ഇന്ത്യക്ക് അനുവദിച്ച് തിരുമാനമെടുത്തത്.
2024ലെ വനിതാ ടി20 ലോകകപ്പിന് ബംഗ്ലാദേശാണ് വേദിയാവുക. ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു പ്രധാന ഐസിസി വനിതാ ടൂര്‍ണമെന്‍റിന് വേദിയാവുന്നത്. 2024 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായിരിക്കും ടി20 ലോകകപ്പ്. ഒരുവര്‍ഷത്തിനുശേഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ എട്ട് ടീമുകളാവും മാറ്റുരക്കുക. ആകെ 31 മത്സരങ്ങളുണ്ടാകും.
2013ല്‍ ഇന്ത്യ അവസാനം വനിതാ ഏകദിന ലോകകപ്പിന് വേദിയായപ്പോള്‍ മുംബൈയില്‍ നടന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയിരുന്നു. 2016നുശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐസിസി വനിതാ ടൂര്‍ണമെന്‍റിന് വേദിയാവുന്നത്.
2016ല്‍ പുരുഷ ടി20 ലോകകപ്പിന് സമാന്തരമായി നടത്തിയ വനിതായ ടി20 ലോകകപ്പാണ് ഇന്ത്യ അവസാനം വേദിയായ പ്രധാന ഐസിസി വനിതാ ടൂര്‍ണമെന്‍റ്. അടുത്ത വര്‍ഷം വനിതാ ഐപിഎല്‍ തുടങ്ങാനിരിക്കുന്നതിനാലാണ് ബിസിസിഐ ടി20 ലോകകപ്പിനായി ശ്രമിക്കാതിരുന്നത്.
2025ല്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടും. ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടുന്ന അഞ്ച് ടീമുകളും ആറ് ടീമുകള്‍ ഉള്‍പ്പെടുന്ന ആഗോള യോഗ്യതാ പോരാട്ടങ്ങളില്‍ ജയിക്കുന്ന രണ്ട് ടീമുകളുമാകും ലോകകപ്പില്‍ മത്സരിക്കുക. ഈ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ 71 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ ഏഴാം കിരീടം നേടിയിരുന്നു.