LIFESocial Media

സ്‌റ്റോപ് പ്ലീസ്,! കടുവയ്ക്ക് റോഡ് മറികടക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിച്ച് ട്രാഫിക് പൊലീസുകാരന്‍, ഒരു വൈറല്‍ വീഡിയോ

മുംബൈ: ഈ ലോകം എല്ലാവരുടേതുമാണ് എന്നു നാം കേട്ടിട്ടുണ്ട്, എന്നാല്‍ ഈ ലോകത്തെ റോഡുകള്‍ എല്ലാവരുടേതുമാണ് എന്നു നാം കേട്ടിട്ടുണ്ടോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകം എല്ലാവരുടേതുമാണെങ്കില്‍ റോഡുകളും എല്ലാവരുടേതുമാണല്ലോ. അതു വെളിവാക്കുന്ന ഒരു വൈറല്‍ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍, ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കടുവയ്ക്ക് റോഡ് മറികടക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിച്ച് നിര്‍ത്തുന്ന ട്രാഫിക് പൊലീസുകാരനും സാവധാനം സ്വാഭാവികമായി റോഡ് മുറിച്ചുകടക്കുന്ന കടുവയുമാണ് ആ വീഡിയോയിലെ താരങ്ങള്‍.

റോഡിന് നടുവില്‍നിന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങളോട് മുന്നോട്ട് പോവാതെ അവിടെ തന്നെ ശാന്തരായിരിക്കാന്‍ ആവശ്യപ്പെടുന്നു. അപ്പോഴാണ് കാട്ടില്‍ നിന്നും ഒരു കടുവ വരുന്നത്. റോഡ് മുറിച്ചു കടക്കുകയാണ് അതിന്റെ ലക്ഷ്യം. തികച്ചും അപ്രതീക്ഷിതമായ രംഗം കണ്ടതോടെ ആളുകള്‍ ആകെ അന്തം വിട്ടുപോയി. അതോടെ ആളുകള്‍ അതിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്താനും തുടങ്ങി. എന്നാല്‍ ട്രാഫിക് പൊലീസുകാരന്‍ ആളുകളോട് ശബ്ദമുണ്ടാക്കി ആ കടുവയെ പരിഭ്രാന്തിയിലാക്കാനോ പ്രകോപിപ്പിക്കാനോ പാടില്ല എന്ന് നിര്‍ദ്ദേശം നല്‍കുന്നു. അതോടെ ആളുകള്‍ ക്ഷമയോടെ തങ്ങളുടെ വാഹനത്തിനകത്ത് കാത്തിരിക്കുകയാണ്. ആ സമയം കടുവ ശാന്തമായി റോഡ് മുറിച്ച് കടന്ന് മറുവശത്തേക്ക് നടക്കുന്നു. ഇതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

ആളുകള്‍ക്കോ വന്യമൃഗത്തിനോ തടസമുണ്ടാക്കാതെ, അപകടമുണ്ടാക്കാതെ ട്രാഫിക് പൊലീസുകാരന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് ആളുകളുടെ പ്രശംസ പിടിച്ച് പറ്റുന്നു. മഹാരാഷ്ട്രയില്‍ നിന്നുമാണ് പ്രസ്തുത വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്നാണ് വിവരം.

ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ആണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘കടുവയ്ക്ക് വേണ്ടി മാത്രമുള്ള ഗ്രീന്‍ സിഗ്‌നല്‍, ഈ മനോഹരമായ മനുഷ്യര്‍’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

മനുഷ്യരും മൃഗങ്ങളും നിരന്തരം ഏറ്റുമുട്ടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയ്ക്ക് വന്ന ഈ മനോഹര ദൃശ്യങ്ങള്‍ ഇതിനോടകം നിരവധി പേരാണ് ലൈക്കും കമന്റും ഷെയറുമായി ഏറ്റെടുത്തത്.

Back to top button
error: