KeralaNEWS

‘റെയ്ഡില്‍ എന്‍.ഐ.എ മുക്കിയ ഐ ഫോണ്‍ തിരിച്ചുവേണം, മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ അതില്‍’: സ്വപ്‌ന കോടതിയിലേക്ക്

കൊച്ചി: സ്വര്‍ണക്കടത്തിലെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഐ ഫോണ്‍ തിരിച്ചു വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ ഈ ഫോണില്‍ ഉണ്ടെന്നാണ് സ്വപ്‌ന അവകാശപ്പെടുന്നത്.

എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ ഈ ഐ ഫോണ്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ മഹസറില്‍ രേഖപ്പെടുത്താതെ ഈ ഫോണ്‍ മുക്കിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഈ ഫോണ്‍ വിട്ടു കിട്ടണമെന്ന ആവശ്യം ഉന്നയിച്ച് സ്വപ്ന സുരേഷ് ഉടന്‍ കോടതിയെ സമീപിക്കും.

സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിര്‍ണ്ണായക വാട്ട്‌സ് ആപ് ചാറ്റുകളും ഇമെയില്‍ രേഖകളും എന്‍.ഐ.എ മുക്കിയ ഐ ഫോണില്‍ ഉണ്ടെന്നാണ് സ്വപ്ന പറയുന്നത്. സ്വപ്ന ബംഗളുരുവില്‍ പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എന്‍ഐഎ ഫോണുകള്‍ പിടിച്ചെടുത്തത്.

ഇക്കാര്യം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ ഐ ഫോണിന്റെ കോഡ് അടക്കമുള്ള രേഖകള്‍ ലഭിച്ചാല്‍, ഈ ഫോണ്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം സ്വപ്ന എന്‍ഐഎ കോടതിയെ സമീപിക്കും.

തന്നെ കാണാനെത്തിയ ഘടത്തില്‍ എം ശിവശങ്കര്‍ ഈ ഫോണ്‍ ഉപയോഗിച്ച് പുതിയ ഇ മെയില്‍ ഐഡിയുണ്ടാക്കി കോണ്‍സുല്‍ ജനറലിനടക്കം ഇ മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും പലതിനും ഇതില്‍ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്. ഫോണ്‍ ലഭിച്ചാല്‍ ഈ രേഖകള്‍ വീണ്ടെടുക്കാനാകും. തെളിവ് പുറത്ത് വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ മനപ്പൂര്‍വ്വം മാറ്റിയതാണെന്നാണ് സ്വപ്ന ആരോപിക്കുന്നത്. എന്നാല്‍ സ്വപ്‌നയുടെ ആരോപണങ്ങളോട് എന്‍ഐഎ പ്രതികരിച്ചിട്ടില്ല

 

Back to top button
error: