KeralaNEWS

റാന്നിയിൽ വായ്പാ കുടിശികയുടെ പേരില്‍ വൃക്കരോഗിയെയും കുടുംത്തെയും പെരുമഴയത്ത് വീട്ടിൽ നിന്നിറക്കി വിട്ട് കാത്തലിക് സിറിയന്‍ ബാങ്കിന്റെ ക്രൂരത

ഇരുവൃക്കകളും തകരാറിലായ വര്‍ക്‌ഷോപ്പ് ഉടമയെയും കുടുംബത്തെയും വായ്പാ കുടിശികയുടെ പേരില്‍ പെരുവഴിയിയിൽ ഇറക്കി വിട്ട് കാത്തലിക് സിറിയന്‍ ബാങ്കിന്റെ ക്രൂരത. റാന്നി ഐത്തല സ്വദേശി അശോകനെയും കുടുംബത്തെയുമാണ് വീട് ജപ്തി ചെയ്ത് ഇന്ന് രാവിലെ ബാങ്ക് അധികൃതര്‍ പെരുവഴിയിലിറക്കി വിട്ടത്.

ബാങ്കിന്റെ റാന്നി ശാഖയില്‍ നിന്ന് 2009 ലാണ് അശോകന്‍ ആദ്യം ലോണെടുത്തത്. പലപ്പോഴായി ലോണ്‍ പുതുക്കി എടുത്ത് വെല്‍ഡിങ് വര്‍ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. ആകെ 15 ലക്ഷം രൂപ വായ്പ എടുത്ത അശോകന്‍ നിലവില്‍ 10.65 ലക്ഷം രൂപയും തിരിച്ചടച്ചിട്ടുണ്ട്. പക്ഷേ ഇനിയും മുതലും പലിശയുമായി 15 ലക്ഷം രൂപ കൂടി അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ബാങ്ക് വൃക്കരോഗിയായ അശോകനെയും കുടുംബത്തെയും ഇറക്കി വിട്ടത്

ബാങ്ക് മാനേജരും സംഘവും അശോകന്റെ വീട്ടിലെത്തിയത് ഇന്ന് രാവിലെയാണ്. വീട് ജപ്തി ചെയ്യുകയാണെന്നും അത്യാവശ്യ സാധനങ്ങള്‍ എടുത്തുകൊണ്ട് വീടിന് പുറത്തിറങ്ങണം എന്നും അവർ നിർദ്ദേശിച്ചു. പൊലീസും മജിസ്‌ട്രേറ്റും കൂടെയുണ്ടെന്നും ബാങ്ക് അധികൃതര്‍ അശോകനോട് പറഞ്ഞു .തുടര്‍ന്ന് വീട് സീല്‍ ചെയ്ത ശേഷമാണ് ബാങ്ക് അധികൃതര്‍ പോയത്. 15 ലക്ഷം രൂപ വായ്പ എടുത്ത അശോകന്‍ 10.65ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും ജപ്തി ഒഴിവാക്കാന്‍ ഉടന്‍ അഞ്ചു ലക്ഷം രൂപ വേണമെന്നാണ് ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടെന്ന് അശോകന്‍ പറഞ്ഞു

ബന്ധുക്കളുടെ സ്വര്‍ണം പണയം വച്ച് രണ്ടു ലക്ഷം രൂപാ നല്‍കാം എന്ന് പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. ഇതോടെ ജപ്തി ചെയ്ത വീടിന് മുന്നില്‍ തന്നെയാണ് അശോകന്‍ ഇരിക്കുന്നതും. ഭാര്യയെയും മകളെയും മറ്റൊരു ബന്ധുവീട്ടിലുമാക്കി. ആഴ്ചയില്‍ രണ്ടു ദിവസം ഡയാലിസിസ് ചെയ്യുന്ന അശോകന് ഇന്ന് ഡയാലിസിസ് ചെയ്യേണ്ട ദിവസമാണ്.

ഡയാലിസിസിന് ശേഷം രാത്രി എങ്ങോട്ട് പോകും എന്നു പോലും അശോകന് നിശ്ചയമില്ല. ഉടൻ 15 ലക്ഷം രൂപ നല്‍കണമെന്ന് ബാങ്ക് നിർദ്ദേശിച്ച സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നും അശോകന് അറിയില്ല. ചികിത്സയ്ക്ക് പോലും പണം കണ്ടെത്താന്‍ പാടുപെടുന്ന അശോകനെയും കുടുംബത്തെയും പെരുവഴിയിലാക്കിയ ബാങ്കിനെതിരെ നാട്ടിൽ പ്രതിഷേധം ശക്തമാവുകയാണ്.

Back to top button
error: