കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ വടകര പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. മരംവെട്ട് തൊഴിലാളിയായ, വടകര കല്ലേരി സ്വദേശി സജീവന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ സഹിതം ഐജി ഉടന്‍ സര്‍ക്കാരന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സജീവന്റേത് കസ്റ്റഡി മരണമാണെന്ന ബന്ധുക്കളുടെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും ആരോപണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
സംഭവത്തില്‍ പ്രഥമ ദൃഷ്ട്യാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് വടകര സ്റ്റേഷന്‍ എസ്.ഐ നിജേഷ്, എ.എസ്.ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ ഇന്നലെ ഉത്തരമേഖലാ ഐജി രാഹുല്‍ ആര്‍ നായര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ് എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം സ്റ്റേഷനില്‍ വച്ച് സജീവനെ മര്‍ദ്ദിച്ചതായും നെഞ്ച് വേദനയുണ്ടെന്ന് സജീവന്‍ പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിച്ചിരുന്നു.
മരണകാരണം ഹൃദയാഘാതമെന്ന പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുള്‍പ്പെടെ എടുത്ത ശേഷം മാത്രമേ, സംസ്ഥാന പൊലീസ് മേധാവിക്ക് ഐ ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ. അന്വേഷണം തുടങ്ങിയ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പൊലീസ് സര്‍ജനില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. സംഭവം നടന്ന വടകര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.
നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. സംഭവസമയത്ത് സജീവന് ഒപ്പമുണ്ടായിരുന്ന അനസ്, ബന്ധു അര്‍ജ്ജുന്‍ എന്നിവരുടെ വിശദമായ മൊഴി ഇന്നുതന്നെ ഉത്തരമേഖല ഐജിയുടെ സാന്നിദ്ധ്യത്തില്‍ രേഖപ്പെടുത്തും.