
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എത്താനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടത്തിയെന്ന കേസില്‍ പ്രതികളാണ് ജയരാജനെതിരായ പരാതിക്കാരായ ഫര്‍സീന്‍ മജീദും നവീന്‍കുമാറും. വലിയതുറ ഇന്‍സ്‌പെക്ടര്‍ സതി കുമാറാണ് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തത്.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍, തിരുവനന്തപുരം ജെഎഫ്എംസി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം സുനീഷും ഗണ്‍മാന്‍ അനില്‍കുമാറും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ഇരുവരുടെയും പരാതി.






