കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ നീട്ടി ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. ഇന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. സമയപരിധി നീട്ടാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. മിക്ക സിബിഎസ്ഇ സ്‌കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ സ്‌കൂളില്‍ പ്ലസ് ടു ഇല്ല എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സമയം നീട്ടി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ക്ക് തുടര്‍പഠനം അസാധ്യമാകുമെന്ന് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ വാദിച്ചു. പ്രവേശനത്തിനുളള സമയ പരിധി തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
സമയപരിധി ഇനിയും നീട്ടാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാല്‍ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നല്‍കാന്‍ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.