NEWS

ഇടയ്ക്കിടെയുള്ള മനംമറിച്ചിലും ഛര്‍ദിയും വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

വിവിധ തരത്തിലുള്ള വൃക്കരോഗങ്ങള്‍ ബാധിച്ച ദശലക്ഷക്കണക്കിന് പേര്‍ സമൂഹത്തിലുണ്ട്.എന്നാല്‍ ബഹുഭൂരിപക്ഷം പേരും രോഗത്തെ കുറിച്ച് അറിയുന്നുണ്ടാകില്ല. രോഗം മൂര്‍ച്ഛിച്ച ശേഷം മാത്രമാണ് പലരിലും വൃക്കരോഗം കണ്ടെത്തുന്നത്. ഇതിനാല്‍ തന്നെയാണ് വൃക്കരോഗത്തെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ തോതുമൊക്കെ നാം പലപ്പോഴും പരിശോധിക്കാറുണ്ടെങ്കിലും വൃക്കരോഗം കണ്ടെത്തുന്നതിനുള്ള ക്രിയാറ്റിന്‍ പരിശോധന ചെയ്യുന്നവര്‍ വിരളമാണ്.
വൃക്കരോഗപരിശോധന നടത്തുന്നവരില്‍ 16.8 ശതമാനത്തിനും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടെത്താറുണ്ടെന്ന് ഇൻഡസ് ഹെല്‍ത്ത് പ്ലസ് ചെക്കപ്പ് ഡേറ്റ ചൂണ്ടിക്കാണിക്കുന്നു. വൃക്കരോഗത്തെ കുറിച്ച് ശരീരം നമുക്ക് ചില സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇവ പലപ്പോഴും അവഗണിക്കപ്പെടുകയോ മറ്റെന്തെങ്കിലും രോഗമായി തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുകയാണ് പതിവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇനി പറയുന്ന ലക്ഷണങ്ങളെ ഗൗരവമായി കണ്ട് വൃക്കരോഗ പരിശോധന നടത്തേണ്ടതാണ്.
കാലിലും കണങ്കാലിലും നീര്
വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റുമ്പോൾ  ശരീരത്തില്‍ സോഡിയം കെട്ടിക്കിടക്കാന്‍ ആരംഭിക്കുകയും ഇത് കാലിലും കണങ്കാലിലും നീര് വയ്ക്കാന്‍ കാരണമാകുകയും ചെയ്യും. ഇവിടെ ഞെക്കി നോക്കുമ്പോൾ  ഒരു കുഴി പോലെ രൂപപ്പെടും.
ക്ഷീണം
അത്യധികമായ ക്ഷീണവും വൃക്കരോഗികളെ പിടികൂടാറുണ്ട്. അധ്വാനം ആവശ്യമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയാതെ വരുക, എന്തെങ്കിലും ചെയ്യുമ്പോൾ  ഇടയ്ക്കിടെ വിശ്രമിക്കാന്‍ തോന്നുക എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനെ തുടര്‍ന്ന് രക്തത്തില്‍ വിഷവസ്തുക്കളും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതാണ് അത്യധികമായ ഈ ക്ഷീണത്തിന് കാരണമാകുന്നത്.
വിശപ്പില്ലായ്മ
യൂറിയ, ക്രിയാറ്റിന്‍, മറ്റ് ആസിഡുകള്‍ തുടങ്ങിയവ ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിനെ തുടര്‍ന്ന് വ്യക്തിയുടെ വിശപ്പ് തന്നെ ഇല്ലാതാകാം. കഴിക്കുന്ന ഭക്ഷണത്തിന് ഒരു ലോഹത്തിന്‍റെ രുചി തോന്നാനും സാധ്യതയുണ്ട്.
രാവിലെ മനംമറിച്ചില്‍, ഛര്‍ദി
രാവിലെ എണീറ്റ് പല്ല് തേക്കാന്‍ പോകുമ്പോൾ തോന്നുന്ന മനംമറിച്ചില്‍, ഛര്‍ദി എന്നിവയും വൃക്ക പണിമുടക്കുന്നതിന്‍റെ ലക്ഷണങ്ങളാകാം. ഇത് നിത്യവും തുടര്‍ന്നാല്‍ വൃക്ക പരിശോധനയ്ക്ക് വൈകരുത്.
വൃക്കകളില്‍ ഉത്പാദിപ്പിക്കുന്ന എറിത്രോപോയിറ്റിന്‍ തോത് കുറയുന്നതും ഇരുമ്പിന്‍റെ അംശം കുറയുന്നതും വിഷവസ്തുക്കള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതും വിളര്‍ച്ചയ്ക്ക് കാരണമാകാം. ഇതിനൊപ്പം ക്ഷീണവും ദുര്‍ബലതയും അനുഭവപ്പെടാം.
മൂത്രമൊഴിക്കുന്നതില്‍ വ്യത്യാസം
വൃക്കരോഗികളില്‍ മൂത്രമൊഴിക്കുന്നതിന്‍റെ ആവൃത്തി കുറയാനും കൂടാനും സാധ്യതയുണ്ട്; പ്രത്യേകിച്ച് രാത്രിയില്‍. വൃക്ക തകരാറിന് പുറമേ മൂത്രനാളിയുടെ പ്രശ്നം കൊണ്ടോ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ച കൊണ്ടോ പുരുഷന്മാരില്‍ മൂത്രമൊഴിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തലപൊക്കാം.
മൂത്രത്തില്‍ രക്തം, പത
മൂത്രത്തില്‍  പത രൂപപ്പെടുന്നത് ഇതിലെ പ്രോട്ടീന്‍റെ സാന്നിധ്യം സൂചിപ്പിക്കുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോൾ  പ്രോട്ടീന്‍, രക്ത കോശങ്ങള്‍ എന്നിവ മൂത്രത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. മൂത്രത്തിലെ രക്തം മുഴകളുടെയും വൃക്കയില്‍ കല്ലിന്‍റെയും എന്തെങ്കിലും തരത്തിലുള്ള അണുബാധയുടെയുമൊക്കെ സൂചനയാകാം. മൂത്രത്തിന്‍റെ നിറത്തിലോ  മണത്തിലോ  ഉണ്ടാകുന്ന വ്യതിയാനങ്ങളും വൈദ്യസഹായം തേടാന്‍ സമയമായതിന്‍റെ സൂചനയാണ്.
വരണ്ടതും എപ്പോഴും ചൊറിച്ചില്‍ തോന്നുന്നതുമായ ചര്‍മവും വൃക്കരോഗത്തിന്‍റെ ലക്ഷണമാണ്. ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതിനെ തുടര്‍ന്നാണ് ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതും ദുര്‍ഗന്ധമുള്ളതുമാകുന്നത്.
പുറത്തോ വയറിനും നെഞ്ചിന്‍കൂടിനും താഴെയോ ഉണ്ടാകുന്ന വേദനകളെയും കരുതിയിരിക്കേണ്ടതാണ്. മൂത്ര സഞ്ചിയിലെ കല്ലോ അണുബാധയോ മൂലവും ഈ വേദന ഉണ്ടാകാം. എക്സറേ, അള്‍ട്രാസൗണ്ട് പരിശോധനകളിലൂടെ ഇവ തിരിച്ചറിയാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: