ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷനേതാവിന് ഇഡിയെ പറ്റി നേരത്തെ എടുത്ത നിലപാടിൽ നിന്ന് വ്യക്തമായ ഒരു വേർതിരിവ് ഇപ്പോളുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണ്. ഇഡി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ ചേർത്തുപിടിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം തന്നെ ഇഡി അവരുടെ ജൂറിസ്ഡിക്ഷൻ ലംഘിച്ചു പ്രവർത്തിക്കുകയാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇവിടുത്തെ സംഭവങ്ങൾ കൂടി പരാമർ ശിച്ചുകൊണ്ടാണ് അദ്ദേഹമങ്ങനെ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേർത്ത മറ്റൊരു കാര്യം പ്രധാനമാണ്. ഈ കേസ് ഇഡി ബാംഗ്ലൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് അട്ടിമറി ലക്ഷ്യത്തോടെയാണ്. ഇവിടെയുള്ള കേസ് തന്നെ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. സംസ്ഥാന സർക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനും ഇഡിയുടെ രാഷ്ട്രീയോദ്ദേശം തെളിയിക്കാനും സാധിക്കുന്ന രീതിയിൽ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതെല്ലാം അദ്ദേഹം നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്ന് വന്ന വ്യത്യാസമാണ്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നതായാണ് സബ്മിഷനില്‍ ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു കാര്യവും ഇ ഡി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. ഇ ഡിയുടെ അന്വേഷണത്തിന് എന്തെങ്കിലും തടസ്സം സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിക്കുന്നുവെന്ന് ഇ ഡി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുമില്ല.
പൂര്‍ണ്ണമായും കേന്ദ്ര വിഷയത്തില്‍പ്പെട്ട ഒരു കേസ് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അവരുടെ നിയമപരമായ അധികാരമുപയോഗിച്ച് നടത്തുന്ന അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വിധത്തിലുള്ള ഇടപെടലും നടത്താന്‍ സാധ്യമല്ല. അങ്ങനെ നടത്തിയതായി കേന്ദ്ര ഏജന്‍സികള്‍ ഔദ്യോഗികമായി പറഞ്ഞിട്ടുമില്ല.
പത്രമാധ്യമങ്ങളിലൂടെ വരുന്ന ചില വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ കാര്യക്ഷമവും ഏകോപിതവുമായ രീതിയില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതല്‍ എടുത്തിട്ടുള്ള നിലപാട്. ഇതിന് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഇത്തരം കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്തി അതിന്റെ ഉറവിടവും അവസാന വിനിയോഗവും പുറത്തുകൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിനു സഹായകരമായ രീതിയിലല്ല അന്വേഷണത്തിന്റെ ഗതിയെന്ന് ഉയര്‍ന്ന ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.