ബംഗളൂരു: കോവിഡിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീയുടെ ഭവനവായ്പ എഴുതിത്തള്ളാന്‍ എസ്ബിഐയോട് (SBI) കോടതി നിര്‍ദേശം.
ബംഗളൂരുവിലെ ഉപഭോക്തൃ കോടതിയാണ് (consumer court) 54.09 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ ഉത്തരവിട്ടത്. കൂടാതെ, ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ വ്യവഹാര ചെലവും നല്‍കാനും എസ്ബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.
ധരണി എന്ന 36 കാരിയാണ് വായ്പ എഴുതിത്തള്ളണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ബാങ്കിന്റെ അനാസ്ഥ മൂലം സാമ്ബത്തികമായും മാനസികമായും താന്‍ ബുദ്ധിമുട്ടിലായെന്നും ധരണി പറഞ്ഞു. എസ്ബിഐ വൈറ്റ്ഫീല്‍ഡ് ബ്രാഞ്ചിനെതിരെയായിരുന്നു പരാതി.
2021 മെയ് 20 ന് ഭര്‍ത്താവ് രൂപേഷ് റെഡ്ഡി മരിച്ചതിനെത്തുടര്‍ന്ന്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെയും ചെലവ് വഹിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധരണി കമ്മീഷനെ സമീപിച്ചത്. ഭവന വായ്പയായിരുന്നു ഇവരെടുത്തിരുന്നത്.