NEWS

25 കിലോയ്ക്ക് ജിഎസ്ടി: അരിച്ചാക്ക് ഇനി 30 കിലോയിൽ 

കോട്ടയം: അരിക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ 25 കിലോ അരിച്ചാക്ക് വിപണിയിൽനിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. ഇതുസംബന്ധിച്ച് മൊത്തവ്യാപാരികൾ മില്ലുടമകൾക്ക് നിർദേശം നൽകി. 50 കിലോയുടെ ചാക്ക് ഉണ്ടെങ്കിലും അത് ചില്ലറവ്യാപാരികളാണ് വാങ്ങുന്നത്.
25 കിലോയും അതിന് താഴെയുള്ളവയ്ക്കുമാണ് അഞ്ചുശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സാധാരണക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന 25 കിലോയുടെ അരിച്ചാക്കാണ്. ഇതിലുള്ള വില വർധന ഒഴിവാക്കാനാണ് ഈ നീക്കം.
ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ 25 കിലോ ചാക്ക് അരിക്ക് 42 രൂപയിലധികം വർധിച്ചതായി വ്യാപാരികൾ പറഞ്ഞു. പൊതുവിൽ എല്ലാ അരി ഇനങ്ങൾക്കും മൊത്തവിപണിയിൽ കഴിഞ്ഞ ആഴ്ചയിൽ 2-3 രൂപ കൂടിയിട്ടുണ്ട്. ഇതിനു പുറമേയാണ് ജി.എസ്.ടി.അധികവില.
പയർവർഗങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മൊത്തവ്യാപാരികളെ ഇത് ബാധിക്കില്ല. 30-50 കിലോ ചാക്കുകളിലാണ് പയർവർഗങ്ങൾ എത്തുന്നത്. എന്നാൽ, സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന പയർവർഗങ്ങൾക്ക് വിലകൂടും. പാക്കുചെയ്ത് വിൽക്കുന്നതിനാൽ ഇവയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. നൽകേണ്ടിവരും. അതേസമയം, ചില്ലറവ്യാപാരികൾ കെട്ടിക്കൊടുക്കുന്ന സാധനങ്ങൾക്ക് ജി.എസ്.ടി. ഇല്ലതാനും.
സാധാരണക്കാർക്ക് കനത്തപ്രഹരമാണ് ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ വന്നിരിക്കുന്നത്.ഇതിൽനിന്ന് പിന്മാറാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.

Back to top button
error: