ഗുരുവായൂരിലെ ആനക്കോട്ടയിൽ എട്ട് ആനകളുടെ കൊമ്പുകൾ മുറിക്കാൻ തീരുമാനമായി. കൊമ്പുകളുടെ അളവെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. കീഴ്‌ക്കൊമ്പുകാരനായ ജൂനിയർ മാധവൻ ഉൾപ്പെടെയുള്ള ആനകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജൂനിയർ മാധവന്റെ കീഴ്‌ക്കൊമ്പിലേക്ക് മജ്ജ ഇറങ്ങിവരുന്നുണ്ട്. രക്തം വരാൻ സാധ്യതയുള്ളതുകൊണ്ട് കൊമ്പിന്റെ അഗ്രം മാത്രമേ മുറിക്കൂ.
ബൽറാം, അയ്യപ്പൻകുട്ടി, അക്ഷയ് കൃഷ്ണ, കൃഷ്ണനാരായണൻ, ഗോകുൽ, അനന്തനാരായണൻ, കീർത്തി എന്നിവയാണ് കൊമ്പുകൾ മുറിക്കുന്ന മറ്റ് ആനകൾ.
ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. മനോജ് എബ്രഹാം, റെയ്ഞ്ച് ഓഫീസർ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനകളെ പരിശോധിക്കാനെത്തിയത്. കൊമ്പ് മുറിക്കാൻ ചുമതലപ്പെട്ട സ്മിതേഷിന്റെ സാന്നിധ്യത്തിൽ കൊമ്പുകളുടെ അളവെടുത്തു. അടുത്തമാസം കൊമ്പുകൾ മുറിച്ചുതുടങ്ങും. ഒന്നോ രണ്ടോ വർഷം കൂടുമ്പോഴാണ് ആനകളുടെ കൊമ്പുകൾ മുറിക്കാറ്.
കൊമ്പുകൾ മുറിക്കാറായ ആനകളുടെ പട്ടിക അതത് സമയങ്ങളിൽ വനംവകുപ്പിന് നൽകും. അനുമതി ലഭിക്കാൻ മാസങ്ങൾ നീളാറുണ്ട്. ഇപ്പോൾ അനുമതി ലഭിച്ച ആനകൾക്കായി അപേക്ഷ കൊടുത്തത് ആറുമാസം മുമ്പാണ്.