കണ്ണൂര്‍: വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദത്തിന്റെ അലയൊലികള്‍ക്കിടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ. റെയില്‍ രംഗത്ത്. സില്‍വര്‍ലൈന്‍ വരും, യാത്രാശീലങ്ങള്‍ മാറുമെന്നാണ് കെ റെയിലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ‘കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടു’മെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ. റെയിലിന്റെ വരവ്.
‘അല്ലെങ്കിലും ട്രെയിന്‍ യാത്ര തന്നെയാണ് സേഫ്’ എന്ന് കുറിച്ച് കെ റെയില്‍ അതിന്റെ ഗുണവശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. സുരക്ഷിതം, പരിസ്ഥിതി സൗഹൃദം, ഏറ്റവും കുറവ് അപകടനിരക്ക്, കുറഞ്ഞ യാത്രാനിരക്ക്, ഇന്ധന ചെലവ് കുറവ്, പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പരമാവധി വിനിയോഗം തുടങ്ങിയ ഗുണങ്ങളാണ് കെ റെയില്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം കണ്ണൂരില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം പങ്കുവയ്ക്കുന്ന ചിത്രവും കെ. റെയില്‍ പങ്കുവച്ചു.
”തെയ്യത്തിന്റെയും തിറയുടെയും മുത്തപ്പന്റെയും നാട്. ഏഷ്യയിലെ ഏറ്റവും വലിയ നേവല്‍ അക്കാദമി സ്ഥിതിചെയ്യുന്ന ഇടം. കൈത്തറി, പ്ലൈവുഡ്, ദിനേശ് ബീഡി, അങ്ങനെ പോകുന്നു ഇവിടുത്തെ വ്യവസായരംഗം. ഒരു കാലത്ത് ഗ്രീസ്, റോം, അറേബ്യ തുടങ്ങിയ പ്രദേശങ്ങളുമായി വ്യാപാര ബന്ധം നിലനിര്‍ത്തിയിരുന്ന ഒരു നാടു കൂടിയാണ് കണ്ണൂര്‍.
കണ്ണൂര്‍ വിമാനത്താവളം, സര്‍വ്വകലാശാല, പരിയാരം മെഡിക്കല്‍ കോളേജ്, മലബാര്‍ കാന്‍സര്‍ സെന്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, ഡ്രൈവിംഗ് ബീച്ച് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അങ്ങനെ എല്ലാ രംഗത്തും കണ്ണൂരിന് സ്വന്തം ഇടമുണ്ട്. നാടിന്റെ വികസനത്തിനൊപ്പം നാട്ടുകാരുടെ പുരോഗതിയും എന്നും കണ്ണൂര്‍ ഉറപ്പാക്കിയിട്ടുണ്ട്”- എന്ന് കണ്ണൂരിനെപ്പറ്റി ഒരു ചെറുവിവരണത്തോടൊപ്പമാണ് വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം പങ്കുവച്ചിരിക്കുന്നത്.