KeralaNEWS

മങ്കിപോക്‌സ്: വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

ദില്ലി: രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലെയും, തുറമുഖങ്ങളിലെയും പരിശോധന വിലയിരുത്തി ആരോഗ്യ മന്ത്രാലയം. പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.

ഈ മാസം 13ന് ദുബായിൽ നിന്നെത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് മുപ്പത്തിയൊന്നുകാരനായ രോഗി. ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിക്ക് നാട്ടിൽ എത്തിയതിന് ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു.

Signature-ad

ഇദ്ദേഹവുമായി അടുത്ത് സമ്പര്‍ക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിലെ പ്രത്യേക ഐസൊലേഷൻ മുറിയിലാണ് ചികിത്സ നൽകുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തുന്നത്.  മംഗളൂരുവിൽ നിന്ന് കണ്ണൂരിലെ വീട്ടിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവർ, വീട്ടുകാർ എന്നിവരുമായാണ് യുവാവിന് അടുത്ത ബന്ധമുണ്ടായിരുന്നത്. ഇവരെയാണ് നിലവിൽ നിരീക്ഷണത്തിൽ ആക്കിയിരിക്കുന്നത്. കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കി. നിരീക്ഷണത്തിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല.

Back to top button
error: