ചെന്നൈ: കള്ളക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ മൂന്ന് പേർ അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പളും രണ്ട് അധ്യാപകരും അടക്കം മൂന്നുപേരെ സിബിസിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് എന്നെഴുതിയിട്ടുണ്ട്.
ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും അന്ന് മുതൽ വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ സമരത്തിലായിരുന്നു. നേരത്തെ കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. സിബിസിഐഡി കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.