NEWS

ഏഴ് പതിറ്റാണ്ടായി തുടരുന്ന ഇന്ത്യ-റഷ്യ ബന്ധം

1971-ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ വിന്യസിച്ച അമേരിക്കൻ ഏഴാംനാവികപ്പടയുടെ ഭീഷണിയെ നേരിടാൻ  ഇന്ത്യയെ സഹായിച്ചത് സോവിയറ്റ് യൂണിയന്റെ ദ്രുതഗതിയിലുള്ള നാവികസേനാ വിന്യാസമായിരുന്നു
 
 

ലോകം ഇന്ത്യയെ കൂടുതൽ ഗൗരവത്തോടെ കാണാൻ തുടങ്ങിയതിൽ ബംഗ്ലാദേശ് യുദ്ധവിജയത്തിന് ചെറുതല്ലാത്ത പങ്കാണുള്ളത്.ആ യുദ്ധത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ റഷ്യയുടെ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയൻ, ഇന്ത്യക്ക്‌ നൽകിയ പിന്തുണയും അവിസ്മരണീയമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഏർപ്പെട്ടിട്ടുള്ള ബന്ധങ്ങളിൽവച്ച് സ്ഥിരതയാർന്നതും ദൃഢതയാർന്നതുമായ ബന്ധം ഇപ്പോഴും നിലനിൽക്കുന്നത് ഇന്ത്യ–റഷ്യ ബന്ധങ്ങളിലാണ്. പരസ്പരവിശ്വാസവും പരസ്പരസഹായവും ഇത്രമേൽ പ്രകടമായ ഒരു വിദേശബന്ധം ഇന്ത്യക്ക്‌ വേറെയില്ല.
ഇന്ത്യൻ വിദേശനയമായി നെഹ്റു സ്വീകരിച്ച ചേരിചേരാ നയത്തെ അമേരിക്ക സംശയത്തോടെ വീക്ഷിക്കുകയും പാകിസ്ഥാനെ തങ്ങളുടെ പക്ഷത്താക്കുകയും ചെയ്തപ്പോൾ, ഇന്ത്യൻവിദേശനയത്തോട് അനുഭാവപൂർണമായ സമീപനമാണ് സോവിയറ്റ് യൂണിയൻ സ്വീകരിച്ചത്. 1950കളിലും 1960കളിലും ഐക്യരാഷ്ട്രസംഘടനയിൽ കശ്മീർപ്രശ്നം ഉന്നയിക്കപ്പെട്ടപ്പോൾ ഇന്ത്യക്കനുകൂലമായി സോവിയറ്റ് യൂണിയൻ വീറ്റോ പ്രയോഗിച്ചത് ഇന്ത്യക്ക്‌ ഒരിക്കലും മറക്കാനാകില്ല. 1961ൽ പോർച്ചുഗലിന്റെ അധീനതയിൽനിന്ന്‌ ഗോവയെ ഇന്ത്യ സ്വതന്ത്രമാക്കിയപ്പോഴും ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയോടൊപ്പം നിന്നത് സോവിയറ്റ് യൂണിയനായിരുന്നു.
1963മുതൽ അവർ നൽകിയ മിഗ്21 യുദ്ധവിമാനങ്ങളും മറ്റ് ആയുധങ്ങളുമാണ് 1965ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻവിജയത്തെ സഹായിച്ചത്. യുദ്ധാനന്തരം ചർച്ചകളിലൂടെ ഇരുരാജ്യത്തിനുമിടയിൽ സമാധാനം സ്ഥാപിച്ചത് സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിയായിരുന്ന അലക്സി കോസിജിന്റെ നേതൃത്വത്തിൽ  താഷ്‌കെന്റിൽ നടന്ന ചർച്ചകളിലൂടെയായിരുന്നു.1971ലെ(ബംഗ്ലാദേശ് രൂപീകരണം) ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ വിന്യസിച്ച അമേരിക്കൻ ഏഴാംനാവികപ്പടയുടെ ഭീഷണിയെ നേരിടാൻ  ഇന്ത്യയെ സഹായിച്ചത് സോവിയറ്റ് യൂണിയന്റെ ദ്രുതഗതിയിലുള്ള നാവികസേനാ വിന്യാസമായിരുന്നു.ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ 2004ൽ റഷ്യയിൽനിന്ന്‌ വാങ്ങിയതാണ്.ഇപ്പോഴും ഇന്ത്യക്കാവശ്യമുള്ള ആയുധങ്ങളുടെ അറുപതുശതമാനത്തിലേറെയും നൽകുന്നത് റഷ്യയാണ്.
ഇന്ത്യയുടെ വ്യവസായവികസനത്തിന്‌ അടിത്തറപാകിയ പൊതുമേഖലയിലെ വൻവ്യവസായ സംരംഭങ്ങളായ ഭിലായ്, ബൊക്കാറോ സ്റ്റീൽപ്ലാന്റുകൾ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് എന്നിവ  സോവിയറ്റ്‌ യൂണിയന്റെ സംഭാവനയായിരുന്നു.സോവിയറ്റ്‌ യൂണിയൻ ഒരു കമ്യൂണിസ്റ്റിതര രാഷ്ട്രത്തിന് ആദ്യമായിനൽകുന്ന സഹായമായിരുന്നു ഭിലായ് സ്റ്റീൽ പ്ലാന്റ്.ചുരുക്കത്തിൽ ഇന്ത്യയുടെ സർവതോമുഖമായ വികസനത്തിനടിത്തറയിട്ടെന്നുമാത്രമല്ല, സമാധാനകാലത്തും യുദ്ധകാലത്തും ഇന്ത്യയുടെ സുരക്ഷയുറപ്പാക്കാനുള്ള സഹായവും സോവിയറ്റ്‌ യൂണിയൻതന്നെയാണ് നൽകിയത്.
ഇന്ത്യയുടെ എക്കാലത്തെയും മെച്ചപ്പെട്ട പരസ്പരബന്ധങ്ങളുടെ ആ തുടർച്ചയ്ക്കായാണ് ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങൾ അലയടിച്ച വർഷം തന്നെ (2021) ഇപ്പോഴത്തെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും മുതിർന്ന മന്ത്രിമാരും ഡൽഹിയിലെത്തിയത്.
 കഴിഞ്ഞ സെപ്‌തംബറിൽ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലി സമ്മേളനത്തിലോ ഒക്ടോബറിൽ റോമിൽ നടന്ന ജി20 ഉന്നതതലസമ്മേളനത്തിലോ നവംബറിൽനടന്ന കാലാവസ്ഥാ ഉച്ചകോടിയിലോ പുടിൻ  പങ്കെടുത്തില്ലെന്നു മാത്രമല്ല, നേരത്തേ നിശ്ചയിച്ചിരുന്ന ചൈനാ സന്ദർശനംപോലും നീട്ടിവച്ചു. എന്നാൽ, ഇന്ത്യയുമായി 2021 ഡിസംബർ ആറിന്‌ നടന്ന ഇരുപത്തൊന്നാം വാർഷിക ഉന്നതതലത്തിൽ പങ്കെടുക്കാനുള്ള പുട്ടിന്റെ തീരുമാനം പരസ്പരബന്ധങ്ങൾക്ക് റഷ്യ ഇന്നും നൽകുന്ന പ്രാധാന്യത്തിന്റെ ശക്തമായ തെളിവായിരുന്നു.

Back to top button
error: