NEWSWorld

കുളിര്‍മയുള്ള യാത്രാനുഭവങ്ങൾ പങ്കു വച്ച് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

   അറബ്‌നാടുകളിലെ ഹ്രസ്വസന്ദര്‍ശനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി. പ്രവാസികള്‍ക്കിടയിലെ ദിവസങ്ങള്‍ അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. കടലിനക്കരെയുള്ള കേരളമായിരുന്നു ഓരോ ഇടവും. നമ്മുടെ നാട്ടിലെ അതേ കാഴ്ചകള്‍, വാക്കുകള്‍, സ്‌നേഹപ്രകടനങ്ങള്‍….
ലോകത്തെവിടെയും മലയാളികള്‍ അവരുടെ ജന്മദേശത്തെ ഓര്‍മിപ്പിക്കുന്നു. 1994-ല്‍ ആണ് ആദ്യമായി ഗള്‍ഫ് നാടുകളിലെത്തിയത്. പിന്നീട് പലതവണ അവിടം സന്ദര്‍ശിച്ചു. നഗരങ്ങളുടെ ഛായ മാറിയതല്ലാതെ അവിടെ പാര്‍ക്കുന്ന മലയാളികളുടെ ആതിഥ്യമര്യാദയ്ക്കും സ്‌നേഹവായ്പിനുമൊന്നും ഒട്ടും മാറ്റമില്ല. എല്ലാം ആദ്യതവണത്തേതുപോലെ തന്നെ. ദുബായ് സെന്റ് തോമസ് കത്രീഡ്രല്‍ ഇടവകപെരുന്നാളായിരുന്നു ഇത്തവണത്തെ പ്രധാനപ്പെട്ട പരിപാടികളിലൊന്ന്. ദൂരദേശത്തുപോലും വിശ്വാസികളുടെ അനുഷ്ഠാനതീവ്രത എത്രത്തോളമുണ്ടെന്ന് കണ്ടറിഞ്ഞു. നാട്ടില്‍ നിന്ന് അകന്നുനിൽക്കുമ്പോള്‍ പോലും നാട്ടില്‍ എങ്ങനെ പള്ളിപ്പെരുന്നാളുകൂടുന്നുവോ, അതേ ഉത്സാഹത്തോടെയും ആവേശത്തോടെയും ദുബൈലുള്ളവര്‍ ഇടവകപ്പെരുന്നാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു. ഇടവക വികാരിയും സഹവികാരിയും ട്രസ്റ്റിമാരും സെക്രട്ടറിമാരും ഭരണസമിതി അംഗങ്ങളുമെല്ലാം ചേര്‍ന്ന് അത് ആഘോഷമാക്കി. എല്ലാവരെയും അഭിനന്ദിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. യു.എ.ഇ ഭരണാധികാരികളെ സന്ദര്‍ശിക്കാനും ഇക്കുറി അവസരമുണ്ടായി. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ആണ് സ്വീകരിച്ചത്. യു.എ.ഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ മലങ്കരസഭയുടെ അനുശോചനം അറിയിച്ചു. യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആശംസകള്‍ നേരുകയും ചെയ്തു. യു.എ.ഇയിലെ മലങ്കരസഭയുടെ ദേവാലയങ്ങള്‍ക്ക് ഭരണകൂടം ചെയ്തുതരുന്ന സഹായങ്ങള്‍ക്ക് നന്ദി അറിയിക്കാനും സാധിച്ചു.
യു.എ.എ ഭരണകൂടത്തില്‍ നിന്ന് ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായതാണ് മറ്റൊരു ഹൃദ്യമായ അനുഭവം. അത് മലങ്കരസഭയ്ക്ക് ലഭിച്ച യു.എ.ഇയുടെ അംഗീകാരമായി കാണുന്നു. ദുബായില്‍ ഒരുപാട് മലയാളിസമൂഹങ്ങളുടെ അതിഥിയായി. അവിടെ കണ്ടുമുട്ടിയ എല്ലാ മലങ്കരസഭാ അംഗങ്ങളെയും മലയാളി സുഹൃത്തുക്കളെയും ഈ അവസരത്തില്‍ മനസാസ്മരിക്കുന്നു. ദുബായില്‍ എല്ലാവിധ സഹായങ്ങളുമൊരുക്കിയ സഭാമാനേജിങ് കമ്മറ്റി അംഗവും നാഷണല്‍ എയർകാര്‍ഗോയുടെ പ്രധാനചുമതലക്കാരിലൊരാളുമായ പ്രിയങ്കരനായ ജോജോയെ പ്രത്യേകം ഓര്‍മിക്കുന്നു. എല്ലാം ഭംഗിയായതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഖത്തര്‍ സന്ദര്‍ശനവേളയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവയുടെയും മറ്റ് ക്രൈസ്തവസമൂഹങ്ങളുടെയും ആതിഥിയാകാന്‍ അവസരമുണ്ടായി. കുളിര്‍മയുള്ള അനുവഭമായിരുന്നു അവയെല്ലാം. ദോഹയിലെ പള്ളിവികാരി, സഹവികാരി, ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കും നന്ദി. നിങ്ങള്‍ നല്കിയ സ്വീകരണവും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ദുബായിലുള്ളവരെപ്പോലെ ദോഹയിലുള്ളവരും സഹോദരന്‍ പദ്ധതിയിലേക്ക് സംഭാവനനല്കി. നിങ്ങളുടെ ഓരോ സമര്‍പ്പണവും തീര്‍ച്ചയായും ദൈവത്തിങ്കല്‍ ഉള്ള അര്‍പ്പണമാണ്. അന്യനുവേണ്ടി സഹായം നല്‍കുന്നതാണ് ദൈവത്തിന് ഏറ്റവും പ്രിയങ്കരമായ കാര്യം. അതാണ് അവിടുന്നിന് പ്രിയപ്പെട്ട പ്രാര്‍ഥനയും. നിങ്ങളുടെയെല്ലാം സഹായങ്ങള്‍ അര്‍ഹിക്കുന്നവരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കുന്ന സമ്പാദ്യത്തില്‍നിന്ന് നിങ്ങള്‍ മിച്ചംവയ്ക്കുന്ന പങ്ക് തീര്‍ച്ചായായും അനേകര്‍ക്ക് ആശ്വാസമാകും. നിങ്ങളുടേത് വിലമതിക്കാനാകാത്ത വിഹിതമാണ്. അന്യനാടുകളില്‍ അപ്പവും അഭയവും തേടുന്ന നമ്മുടെ പ്രിയസഹോദരന്മാരെ നമ്മളും പ്രാര്‍ഥനയില്‍ ഓര്‍മിക്കേണ്ടതാണ്. അവരുടെ ഓരോ വിയര്‍പ്പുതുള്ളിയില്‍ നിന്നും നമ്മുടെ കേരളവും വളരുന്നുണ്ട്. അവരെ സ്വന്തം ജനതയെപ്പോലെ കണ്ട് നെഞ്ചോട് ചേര്‍ക്കുന്ന അറബ് ഭരണകൂടത്തിന് സഭയുടെ പേരില്‍ നന്ദിയറിയിക്കുന്നു. പ്രിയ പ്രവാസിസോദരന്മാര്‍ക്ക് ദൈവം എപ്പോഴും കൂട്ടായിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: