KeralaNEWS

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് പണം നല്‍കിയെന്ന് കണ്ടെത്തല്‍; എസ്.ഡി.പി.ഐ കേന്ദ്രകമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതിക്ക് പണം അയച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്
എസ്.ഡി.പി.ഐ. കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പതിമൂന്നാം പ്രതി അബ്ദുല്‍ റഷീദിന് ഈ അക്കൗണ്ടില്‍നിന്ന് പണം ലഭിച്ചെന്ന ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദില്ലിയിലെ കനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്.

പാലക്കാട് മേലാമുറിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസമാണ് പോലീസ് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

വധിക്കേണ്ടവരുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കിയാണ് കൊലയാളികള്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനടക്കം ആകെ 26 പ്രതികളാണുള്ളത്. ഇതില്‍ 25 പേര്‍ അറസ്റ്റിലായി.

893 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 284 രേഖകളും വിവിധ തൊണ്ടിമുതലുകളും 24 ഡിജിറ്റല്‍ തെളിവുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആകെ 279 സാക്ഷികളാണ് കേസിലുള്ളത്.

2022 ഏപ്രില്‍ 16-നാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്നത്. ഇതിന്റെ തലേദിവസം പാലക്കാട് എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറും കൊല്ലപ്പെട്ടിരുന്നു.

Back to top button
error: