CrimeNEWS

തയ്യല്‍ക്കടയിലേക്ക് പോയ പെണ്‍കുട്ടിയെ വഴിയില്‍തടഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡനം; മലപ്പുറത്ത് മധ്യവയസ്‌കന്‍ അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പൊന്നാനി നൈതല്ലൂര്‍ സ്വദേശി ആലങ്കോട് ഹൗസില്‍ ചന്ദ്രശേഖരനാണ് (48) കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

വീട്ടില്‍നിന്ന് തയ്യല്‍ക്കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയരികില്‍ കാത്തുനിന്ന പ്രതി ബലമായി പിടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗവും പോക്‌സോയും ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്നാനി സി. ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ചന്ദ്രശേഖരനെ റിമാന്‍ഡ് ചെയ്തു.

Back to top button
error: