NEWS

ആ ആട്ടവും നിലച്ചു

ചെല്ലപ്പനാശാരി ഒരു കഥാകൃത്തായിരുന്നു.നിത്യവും വായ് നിറച്ചു കഥകളുമായി കൗമാരത്തിലേക്കെത്തിയ കുട്ടികളിലേക്കിറങ്ങി അവരെ തന്റെ ചൂണ്ടയിൽ കൊരുത്തു പുതിയ കഥകൾ ഉണ്ടാക്കാൻ മിടുക്കുള്ളവനുമായിരുന്നു. വെറുതെയങ്ങു ഇറങ്ങി നടക്കുകയേ വേണ്ടൂ കഥകൾ ചെല്ലപ്പനാശാരിയെ തേടി ഇങ്ങോട്ടു വരും. അതിലൊരു കഥയായിരുന്നു തകര. വായ് നീളെ ഈന്തയും ഒലിപ്പിച്ച് എല്ലാ കാര്യങ്ങളിലും അജ്ഞനായി തകര കടപ്പുറത്ത് നടന്നു. അവന്റെ അറിവില്ലായ്മയിലേക്കാണ് ചെല്ലപ്പനാശാരി വൈകാരികതയുടെ കടലിനെ അഴിച്ചു വിട്ടത്. സുഭാഷിണിയുടെ ശരീരത്തിന്റെ മോഹങ്ങളിലേക്ക് തകരയെ ഇറക്കി വിട്ടത്.
പദ്മരാജന്റെ കഥകളിൽ ഏറ്റവുമധികം വായിക്കപ്പെട്ട കഥ എന്നതിനപ്പുറം സിനിമയുമായ കഥയാണ് “തകര” . ചെറുകഥയല്ല ഒരു നീണ്ടകഥ തന്നെയാണ് തകര. ചെല്ലപ്പനാശാരിയുടെയും തകരയുടെയും സുഭാഷിണിയുടെയും മാതുവിന്റെയും ജീവിതങ്ങൾ ഒരു കാലത്ത് ഏറെ പരിചിതമായിരുന്നുവെന്നു തോന്നുന്നു. ഇന്നത്തെ കാലം ഒരു പക്ഷെ കഥാ സാഹചര്യങ്ങൾക്ക് അനുകൂലമല്ലായിരിക്കാം, എങ്കിലും ഗൃഹാതുരതയുടെ വക്കുകളിൽ അനുഭവങ്ങളുടെ ഇക്കിളിപ്പെടുത്തലുണ്ട്.
ഒരുകാലത്ത് കൗമാരത്തിലേക്ക് സഞ്ചാരം തുടങ്ങുന്ന കുട്ടികളുടെ കയ്യിൽ ഒരു കൊച്ചുപുസ്തകം എന്നാൽ ഒരു അഭിമാനമായിരുന്നു. ഇക്കിളിപ്പെടുത്തുന്ന കഥകളിൽ സ്വയം സങ്കൽപ്പിച്ച് അവർ അവരുടെ ലോകങ്ങളെ സ്വന്തമാക്കി, അവിടെ അവർ കണ്ടിഷ്ടപ്പെട്ട മുഖങ്ങളും ശരീരങ്ങളും നിരവധി വന്നും പോയുമിരുന്നിരുന്നു, പിറ്റേന്ന് സ്‌കൂളിൽ വന്നു പറയുന്ന കഥകളിൽ അവിശ്വസനീയതയുടെ നിഴലാട്ടങ്ങൾ ഉണ്ടെങ്കിലും കേൾക്കാനും വിശ്വസിച്ചതായി നടിക്കാനും പ്രത്യേക സുഖമുണ്ട്. പുസ്തകം ലഭിക്കാത്ത ആരാധകരുടെ കഥകൾക്ക് മുകളിൽ വീരസ്യത്തിന്റെ മേമ്പൊടി ചാലിക്കാൻ എല്ലാ സ്‌കൂളുകളിലുമുണ്ടാകും ചെല്ലപ്പനാശാരിമാർ. ഒരുപക്ഷെ ഇന്ന് കൊച്ചുപുസ്തകങ്ങളുടെയും ചെല്ലപ്പനാശാരിയുടേയുമൊക്കെ സ്ഥാനം ഇന്റർനെറ്റും മൊബൈലുകളും യൂട്യൂബും ഒക്കെ തട്ടിയെടുക്കുമ്പോൾ ഇന്നത്തെ കുട്ടികൾക്കിടയിൽ ഈ കഥ ഒരു അയഥാർത്ഥ വായനയാകുന്നുണ്ട്.
തകര ബുദ്ധിപരമായി വളർച്ചയെത്താത്ത ഒരു യുവാവാണെങ്കിലും അവന്റെ ശാരീരിക വളർച്ചകളിൽ എഴുത്തുകാരനും സുഭാഷിണിയ്ക്കും സംശയങ്ങളില്ല. അതുകൊണ്ടു തന്നെയാണ് ചെല്ലപ്പനാശാരി അവനെ സംശയിക്കുമ്പോഴും തകര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്
കഥ പറച്ചിലിൽ മാത്രമൊതുങ്ങുന്ന ചെല്ലപ്പനാശാരിയുടെയും സുഹൃത്തുക്കളുടെയും ആഗ്രഹങ്ങളും മോഹങ്ങളും തകരയിൽ പ്രതിഫലിച്ചു കാണുമ്പോൾ അസൂയ നുര കൊണ്ട് മനസ്സിന്റെ സമനില തെറ്റുന്ന ചെല്ലപ്പനാശാരിയുടെ പ്രതികാരം തകരയുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. ഒരാളേ കൊല്ലാൻ പോലും മടിക്കാത്ത സുഭാഷിണിയുടെ അച്ഛന്റെ സ്വഭാവത്തിന് നേരെ രഹസ്യമായ പദ്ധതികൾ ചെല്ലപ്പനാശാരി നടത്തുന്നുണ്ട്. അയാളെ ഉപയോഗിച്ച് തകരയെ വക വരുത്തിയാൽ തന്റെ അസൂയയ്ക്ക് ഒരറുതി ഉണ്ടാകുമെന്നും അയാൾ പ്രതീക്ഷിക്കുന്നു.
ശരീരത്തിന്റെ ആഘോഷമാണ് തകര. നേരിട്ട് അനുഭവങ്ങളെ പറയാതെ നിഗൂഡമായ ചോദ്യങ്ങളും ഉത്തരങ്ങളും കൊണ്ട് കഥയെ പരിപോഷിപ്പിക്കുന്ന രീതിയാണ് പദ്മരാജൻ കഥയിൽ നടത്തിയിരിക്കുന്നത്. കൗമാരപ്രായത്തിൽ എഴുത്തുകാരന്റെ മനസ്സിൽ പതിഞ്ഞ കഥാപാത്രങ്ങൾ തന്നെയാണ് തകരയിലും ഉള്ളതെന്ന് പറയപ്പെടുന്നു.
കടലോളം ആഴമുള്ള പെണ്ണിന്റെ മനസ്സ് തന്നെയാണ് സുഭാഷിണിയുടേത്. മന്ദബുദ്ധിയാണെങ്കിലും തകരയുടെ ശരീരത്തെ അവൾക്കിഷ്ടമാണ്. അവന്റെ കരുത്തിന്റേയും കടൽ മണത്തിന്റെയും ആണനുഭവങ്ങൾ അവൾ ആസ്വദിക്കുന്നുണ്ട്. എന്നാൽ അതേസമയം അച്ഛന്റെ ഭയപ്പെടുത്തലിൽ അവൾ പതറുകയും തകരയെ പാടെ അവഗണിക്കുകയും ചെയ്യുന്നതോടെയാണ് തകര ജീവിതത്തിൽ തോൽക്കുന്നത്. ഒരു വ്യക്തിയെ തന്റെ കരുത്തിൽ കൊല്ലാൻ പോലും മനസ്സുറപ്പുള്ള ഒരുവൻ ഒരു പെണ്ണിന്റെ നിസ്സംഗതയിൽ പരാജയപ്പെടുമ്പോൾ അവന്റെ അവസാന വഴി തുറന്നു കിട്ടുന്നു.
സുഭാഷിണിക്ക് തകരയോടുള്ളത് മാംസനിബദ്ധമായ രാഗം തന്നെയായിരുന്നുവെന്ന് ഓരോ നിമിഷത്തെയും അവളുടെ വാക്കുകൾ തെളിയിക്കുന്നുണ്ട്. ആവേശത്തോടെ ചേർത്ത് പിടിക്കുകയും വികാരമറ്റ് ഉപേക്ഷിക്കുകയും ചെയ്യാൻ അവൾക്ക് കഴിയുമ്പോൾ ഒരു സാധാരണ പെണ്ണിൽ നിന്നും സുഭാഷിണി അവൾക്കു മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന മറ്റൊരു പെണ്ണത്തത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ഓരോ പെണ്ണിന്റെ ഉള്ളിലും അവൾക്കു മാത്രം കണ്ടെത്താൻ കഴിയുന്ന ഒരു കടലുണ്ടെന്നും അത് തിരഞ്ഞിറങ്ങുന്നവൻ നിരാശനാകേണ്ടി വരുമെന്നും സുഭാഷിണി തെളിയിക്കുന്നു. ഭാവശുദ്ധികളുടെ സ്ത്രീ മനസ്സുകളിലേക്ക് ഏറെ വ്യത്യസ്തയായി സുഭാഷിണി നടന്നു കയറുന്നു. അവളുടെ സ്വാതന്ത്ര്യങ്ങളിലേക്ക് അവൾക്ക് ഏറെ ദൂരങ്ങളില്ല.
തകര ഏറ്റവും നിഷ്കളങ്കനായ ഒരേയൊരു മനുഷ്യജീവിയായി ഈ കഥയിൽ കൂട്ടിച്ചേർക്കപ്പെടുന്നു. മനസ്സ് എന്താഗ്രഹിക്കുന്നു, എങ്ങനെ നടക്കാൻ പ്രേരിപ്പിക്കുന്നു എന്നതൊക്കെ അവനറിയാതെ സംഭവിച്ചു പോകുന്നതാണ്. അതിലേക്ക് എണ്ണയൊഴിക്കാൻ ചെല്ലപ്പനാശാരിമാരും സുഭാഷിണിമാരും അവനു ചുറ്റും നടക്കുന്നു.അടിമപ്പെട്ടു പോവുകയല്ലാതെ മറ്റൊരു മാർഗ്ഗം മുന്നിലില്ലാതെ തകര ആരുടെയൊക്കെയോ കയ്യിലെ ചരടുള്ള പാവയാകുന്നു.ഒടുവിൽ ചരടറ്റ് നിലത്തുവീണു അവനു മാത്രം സ്വീകാര്യമായ വഴിയിലേക്ക് ഒടുവിലെത്തുമ്പോൾ തകര ഒരു നോവുണ്ടാക്കും.വായനക്കാരന്റെ മനസ്സിന്റെ ഒരു ഭാഗം തകരയോടൊപ്പം ആ മരക്കൊമ്പിൽ ആടുന്നുണ്ടാകുമപ്പോൾ.ഇന്നലയോടെ ആ ആട്ടം പൂർണ്ണമായി.
 പ്രതാപ് പോത്തന് ആദരാഞ്ജലികൾ!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: