തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്ന് ലോട്ടറിയുടെ പ്രകാശനം നിർവഹിച്ചു. ആകെ 10 സീരിസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആദ്യമായാണ് ഇത്ര വലിയ തുകയുടെ ഭാഗ്യക്കുറി കേരളത്തിൽ അവതരിപ്പിക്കുന്നത്.
അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേർക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേർക്ക് അഞ്ചാം സമ്മാനം നൽകും.
ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 2,10,600 സമ്മാനങ്ങളും നൽകും. ആകെ 126 കോടിയുടെ സമ്മാനങ്ങളാണ് നൽകുന്നത്.500 രൂപയാണ് ടിക്കറ്റ് വില.കഴിഞ്ഞ തവണ 12 കോടിയായിരുന്നു ഒന്നാം സമ്മാനം.
പരമാവധി 90 ലക്ഷം ടിക്കറ്റുകളാകും അച്ചടിക്കാനാകുക. കഴിഞ്ഞ തവണ 12 കോടിയായിരുന്നു ഒന്നാം സമ്മാനം. 54 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ മുഴുവനും വിറ്റുപോയി. ഇത്തവണ ഒന്നാം സമ്മാനമായി നൽകുന്ന തുക ഉയർത്തിയതോടെ കൂടുതൽ ആളുകൾ ബമ്പർ വാങ്ങുമെന്നാണ് ഭാഗ്യക്കുറി വകുപ്പ് പ്രതീക്ഷിക്കുന്നത്.
ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മീഷനായി ലഭിക്കും.ഒരു ടിക്കറ്റിന് 96 രൂപയാണ് ഏജന്റ് കമ്മിഷൻ. കഴിഞ്ഞ വര്‍ഷം ഇത് 58 രൂപയായിരുന്നു.സെപ്റ്റംബര്‍ 18 നാണ് നറുക്കെടുപ്പ്.500 രൂപയാണ് ടിക്കറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.