പ്രണയവിവാഹിതനായ നവവരന്റെ വീടിന് വധുവിന്റെ ബന്ധു തീയിട്ടു, വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം
അമ്മാവന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ ശത്രുതയിൽ നവവരന്റെ വീടിനു യുവാവ് തീയിട്ടു. സംഭവത്തിൽ വധുവിന്റെ ബന്ധുവായ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ പ്ലാവിളവീട്ടിൽ ശ്രീകുമാറിനെയാണ് കാെട്ടാരക്കര പാെലീസ് അറസ്റ്റ്‌ചെയ്തത്. വെള്ളാരംകുന്ന് ചരുവിളവീട്ടിൽ റെജീനയുടെ മകൻ ദീനുവിന്റെ (30) വീടാണ് കത്തിച്ചത്. ഇന്ന് (വെള്ളി) പുലർച്ചെയായിരുന്നു സംഭവം.
ദീനുവും ശ്രീകുമാറിന്റെ അമ്മാവന്റെ മകളുമായുള്ള രജിസ്റ്റർ വിവാഹം വ്യാഴാഴ്ചയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ശ്രീകുമാർ വീടിന് തീയിട്ടത്. വധൂവരന്മാർ ബന്ധുവീട്ടിലും ദീനുവിന്റെ അമ്മ സമീപത്തെ വീട്ടിലുമായിരുന്നതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
ശ്രീകുമാർ രണ്ടുതവണ വീടിനു സമീപം വന്നിരുന്നതായി അയൽവാസികൾ പറഞ്ഞു.
പിന്നീട് രാത്രി വൈകിയെത്തി വീട്ടിലെ വളർത്തുനായയെ അഴിച്ചുമാറ്റിയ ശേഷമാണ് തീയിട്ടത്. ഓടിയെത്തിയ അയൽക്കാരും കാെട്ടാരക്കരയിൽനിന്ന് എത്തിയ അഗ്‌നിശമനസേനയും ചേർന്ന് തീയണച്ചു. ഓടും ഷീറ്റും പാകിയ കെട്ടിടത്തിനുള്ളിലെ വീട്ടുപകരണങ്ങളും പാസ്‌പോർട്ട് അടക്കമുള്ള രേഖകളും കത്തിനശിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു