ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ടവറില്‍ കയറി പത്തൊന്‍പതുകാരന്‍ നടത്തിയ പരാക്രമം നാലു മണിക്കൂര്‍ ചെന്നൈ നഗരത്തെ സ്തംഭിപ്പിച്ചു. തുടര്‍ന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയശേഷം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
ക്രോംപേട്ട് രാധാനഗര്‍ സ്വദേശിയായ കിഷോര്‍ ആണ് ചെന്നൈ ക്രോംപേട്ടിലെ ഇലക്ട്രിക് ടവര്‍ പോസ്റ്റിന്റെ തുഞ്ചത്തേക്ക് കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. പത്തൊന്‍പത് വയസുള്ള പെയിന്റിംഗ് തൊഴിലാളിയാണ് ഇയാള്‍. ഇതേ പ്രദേശത്തുള്ള പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്നായിരുന്നു ആവശ്യം.
രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കിഷോര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് വീട്ടുകാര്‍ ബഹളം വച്ചതോടെ ഇയാള്‍ തൊട്ടടുത്തുള്ള പോസ്റ്റില്‍ വലിഞ്ഞുകയറുകയായിരുന്നു. അന്‍പതടി ഉയരമുള്ള പോസ്റ്റില്‍ കയറാന്‍ തുടങ്ങിയപ്പോഴേ നാട്ടുകാര്‍ ക്രോംപേട്ട് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വൈദ്യുതി ബോര്‍ഡ് അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനായതുകൊണ്ട് ക്രോംപേട്ട്, താംബരം, പല്ലാവരം തുടങ്ങിയ നഗരത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം നാല് മണിക്കൂറോളം വൈദ്യുതി മുടങ്ങി.
അഗ്‌നിരക്ഷാസേനയും പൊലീസും രണ്ടു മണിക്കൂറോളം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. താഴെ വല വിരിച്ച് കാത്തിരിപ്പ് തുടര്‍ന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച ശേഷം പെണ്‍കുട്ടിയെ ടവറിന് സമീപമെത്തിച്ചു. വിവാഹം നടത്തിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ചശേഷം ഇയാളെ താഴെയിറക്കി ഉടന്‍തന്നെ അറസ്റ്റ് ചെയ്ത് നീക്കി. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.