CrimeNEWS

50 കുടുംബങ്ങളെ ഇരുട്ടിലാക്കി കവുങ്ങ്: വെട്ടാന്‍ പോയ കെഎസ്ഇബി ജീവനക്കാരന് പോലീസുകാരന്റെ മകന്റെ ക്രൂരമര്‍ദനം

പാലക്കാട്: വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ പോയ കെഎസ്ഇബി ജീവനക്കാരനെ പോലീസുകാരന്റെ മകനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ക്രൂരമര്‍ദനമേറ്റ ഓവര്‍സിയര്‍ കണ്ണദാസനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസുകാരന്റെ മകനും കൂട്ടുകാരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് കണ്ണദാസന്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് കവുങ്ങുകള്‍ വെട്ടിമാറ്റണമായിരുന്നു. ഇതിനായി ഒരു കരാര്‍ തൊഴിലാളിയുമായി കണ്ണദാസ് പ്രദേശത്തേക്ക് പോയി. എന്നാല്‍, മതില്‍ പൊളിയുമെന്നും കവുങ്ങ് വെട്ടിമാറ്റരുതെന്നും ഒരു വീട്ടിലെ ആള്‍ തട്ടിക്കയറി. ചോദിച്ചപ്പോള്‍ സിഐ ആണെന്നാണ് പരിചയപ്പെടുത്തിയത്.

തുടര്‍ന്ന് അവിടെ നിന്ന് തിരിച്ചുപോന്ന തന്റെ അടുത്തേക്ക് കാറിലെത്തിയ മൂന്ന് പേര്‍ വന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് കണ്ണദാസ് പറഞ്ഞു. ‘കറന്റില്ലെന്ന് പറയാന്‍ വേണ്ടി ആരെങ്കിലും വരുന്നതാകുമെന്നാണ് കരുതിയത്.

എന്നാല്‍ നിങ്ങളാണോ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്ന് ചോദിക്കുകയും ഉടന്‍ അടിക്കുകയുമാണ് ഉണ്ടായത്’ കണ്ണദാസ് പറഞ്ഞു. പോലീസുകാരന്റെ മകനും സുഹൃത്തുക്കളുമാണ് ഇതെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: