IndiaNEWS

നുണയും കഴിവുകേടും തുറന്നുകാട്ടിയപ്പോള്‍ ‘ജുംലജീവി തനാഷാ’ മുതലക്കണ്ണീര്‍ പൊഴിച്ചു; അണ്‍പാര്‍ലമെന്ററി പട്ടികയ്‌ക്കെതിരേ ട്വീറ്റുമായി രാഹുല്‍

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ രീതികളെ തുറന്നുകാട്ടാന്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്ന കൃത്യമായ വാക്കുകളും ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. ചില വാക്കുകള്‍ പാര്‍ലമെന്റില്‍ പറയുന്നത് വിലക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ അണ്‍ പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയ്ക്കെതിരേ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം.

പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടു എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും രാഹുല്‍ ട്വീറ്റ് ചെയ്തു. അണ്‍പാര്‍ലമെന്റി എന്ന വാക്ക് വിശദീകരിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

വാക്യത്തില്‍ പ്രയോഗിച്ച് ഉദാഹരണ സഹിതമാണ് ട്വീറ്റ്. തന്റെ നുണകളും കഴിവുകേടും തുറന്നുകാട്ടിയപ്പോള്‍ ‘ജുംലജീവി തനാഷാ’ മുതലക്കണ്ണീര്‍ പൊഴിച്ചെന്നാണ് അണ്‍പാര്‍ലമെന്ററി വാക്കിന് ഉദാഹരണമായി നല്‍കിയത്. തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മൊയ്ത്രയും അണ്‍ പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയ്ക്കെതിരേ സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടിയുള്ള അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടികയില്‍ സംഘി എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. അടിസ്ഥാനപരമായി, ബി.ജെ.പി. എങ്ങനെയാണ് ഇന്ത്യയെ തകര്‍ക്കുന്നത് എന്ന് വിവരിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്നാണ് മഹുവ ട്വീറ്റില്‍ വിമര്‍ശിച്ചത്.

ജൂലൈ 18-ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. എല്ലാക്കൊല്ലവും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കുകയും സഭാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കൊല്ലം പുതുക്കിയ പട്ടികയാണ് ഇപ്പോള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ഇതു പ്രകാരം അഴിമതി, ഏകാധിപതി, സ്വേച്ഛാധിപതി, ചതിയന്‍, ശകുനി, മന്ദബുദ്ധി, കൊവിഡ് വ്യാപി, നാട്യക്കാരന്‍ തുടങ്ങി നിരവധി വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് അറിയിപ്പ്. പുതിയ പട്ടികയ്‌ക്കെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

 

Back to top button
error: