ദില്ലി: ജൂലൈ 18-ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്സഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ അണ്‍ പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയ്‌ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
ലോക്സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടിയുള്ള അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടികയില്‍ സംഘി എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. അടിസ്ഥാനപരമായി, ബി.ജെ.പി. എങ്ങനെയാണ് ഇന്ത്യയെ തകര്‍ക്കുന്നത് എന്ന് വിവരിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്ന് മഹുവ ട്വീറ്റില്‍ വിമര്‍ശിച്ചു.
Baith jaiye. Baith Jaiye. Prem se boliye.
New list of unparliamentary words for LS & RS does not include Sanghi.
Basically govt taken all words used by opposition to describe how BJP destroying India & banned them.
— Mahua Moitra (@MahuaMoitra) July 14, 2022
ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത അണ്‍പാര്‍ലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പുതിയ പട്ടിക പ്രകാരം അഴിമതി, ഏകാധിപതി, സ്വേച്ഛാധിപതി, ചതിയന്‍, ശകുനി, മന്ദബുദ്ധി, കൊവിഡ് വ്യാപി, നാട്യക്കാരന്‍ തുടങ്ങി നിരവധി വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള വാക്കുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാക്കൊല്ലവും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കുകയും സഭാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കൊല്ലം പുതുക്കിയ പട്ടികയാണ് ഇപ്പോള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.