തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി. അശോകിനെ മാറ്റി. ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡേ ആണ് പുതിയ ചെയര്‍മാന്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇന്ന് ഉത്തരവ് പുറത്തിറക്കുകയായിരുന്നു. കെഎസ്ഇബി ചെയര്‍മാനായി സ്ഥാനമേറ്റ് ഒരു വര്‍ഷം തികയ്ക്കാന്‍ ഒരു ദിനം ശേഷിക്കെയാണ് അശോക് തല്‍സ്ഥാനത്തുനിന്ന് തെറിച്ചത്. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് പുതിയ നിയമനം.
കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി കൊമ്പുകോര്‍ത്ത അശോകിനെ മാറ്റാന്‍ വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തെത്തി ഒരുകൊല്ലത്തിനുള്ളില്‍ അശോക് സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചു. സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ നേതൃത്വവുമായുള്‍പ്പെടെ അശോക് ഏറ്റുമുട്ടിയത് ഏറെ ചര്‍ച്ചയായി.
ഏതാനും മാസം മുമ്പ് അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോള്‍ മറുവശത്ത് ഐഎഎസ് അസോസിയേഷന്‍ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു.
മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും സര്‍ക്കാര്‍ കാര്യമാക്കിയില്ല. ശക്തമായ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാണ് അശോകിനെ ഇപ്പോള്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് പൊതു വിലയിരുത്തല്‍.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജന്‍ കോബ്രഗഡ. മൂന്നാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പില്‍നിന്ന് ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. ഈ സ്ഥലംമാറ്റത്തില്‍ അദ്ദേഹം അതൃപ്തനാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.