IndiaNEWS

11 രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ; ഇന്ത്യയെ പിന്നിലാക്കി മറ്റ് 134 രാജ്യങ്ങള്‍: ലിംഗവ്യത്യാസം നികത്താന്‍ ഇനിയും 132 വര്‍ഷം!

ഠ പ്രാഥമിക വിദ്യാഭ്യാസ പ്രവേശനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലെന്ന് ഡബ്ല്യു.ഇ.എഫ്. വാര്‍ഷിക റിപ്പോര്‍ട്ട്. ജനീവ ആസ്ഥാനമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യു.ഇ.എഫ്). വാര്‍ഷിക റിപ്പോര്‍ട്ടിനോടനുബന്ധിച്ച് പുറത്തിറക്കിയ ലോകരാജ്യങ്ങളുടെ ലിംഗസമത്വ റാങ്കിങ്ങില്‍ 135ാമതാണ് ഇന്ത്യ. 146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

ലിംഗവിവേചനം കുറഞ്ഞ രാജ്യം ഐസ്ലന്‍ഡാണ്. ഫിന്‍ലന്‍ഡ്, നോര്‍വേ, ന്യൂസീലന്‍ഡ്, സ്വീഡന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, കോംഗോ, ഇറാന്‍, ചാഡ് എന്നിവയാണ് ഏറ്റവും പിന്നാക്കമായ അഞ്ചുരാജ്യങ്ങള്‍.

അതേസമയം, പ്രാഥമിക വിദ്യാഭ്യാസ പ്രവേശനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാമതാണ്. എന്നാല്‍ ആരോഗ്യ, അതിജീവന ഉപസൂചികയില്‍ ഇന്ത്യ 146ാം സ്ഥാനത്താണ്.

തൊഴില്‍മേഖലയില്‍ ലിംഗവ്യത്യാസം വര്‍ധിച്ചത് ആഗോളതലത്തില്‍ സ്ത്രീകളെ കൂടുതല്‍ ബാധിക്കുന്നുണ്ടെന്നും ലിംഗവ്യത്യാസം നികത്താന്‍ ഇനിയും 132 വര്‍ഷമെടുക്കുമെന്നും ഡബ്ല്യു. ഇ.എഫ്. മുന്നറിയിപ്പ് നല്‍കി. കോവിഡ്, ലിംഗസമത്വത്തെ പിന്നോട്ടടിപ്പിച്ചു.

തൊഴില്‍സേനയിലേക്കുള്ള സ്ത്രീകളുടെ തിരിച്ചുവരവിനും ഭാവിയിലെ വ്യവസായങ്ങളില്‍ സ്ത്രീകളുടെ കഴിവ് വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യബോധമുള്ള നയങ്ങള്‍ കൊണ്ടുവരണമെന്ന് ഡബ്ല്യു.ഇ.എഫ്. മാനേജിങ് ഡയറക്ടര്‍ സാദിയ സാഹിദി പറഞ്ഞു.

 

Back to top button
error: