തിരുവല്ല: റോഡുവക്കില്‍ സൂക്ഷിക്കുന്ന റോഡു നിര്‍മാണ സാമഗ്രികള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ടംഗ സംഘം പിടിയില്‍. കായംകുളം കൃഷ്ണപുരം രണ്ടാംകുറ്റിയില്‍ പന്തപ്ലാവില്‍ വീട്ടില്‍ സിദ്ദിഖ് (40), ഇയാളുടെ ബന്ധു കറ്റാനം ഇലിപ്പക്കുളം തടയില്‍ വടക്കേതില്‍ വീട്ടില്‍ മുഹമ്മദ് ഇല്യാസ് (29) എന്നിവരാണ് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന റോഡുനിര്‍മാണ സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായത്.
തിരുവല്ല -അമ്പലപ്പുഴ സംസ്ഥാന പാത നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിലായി കണ്‍സ്ട്രക്ഷന്‍ കമ്പനി സൂക്ഷിച്ചിരുന്ന അഞ്ച് ജാക്കി, ഉരുക്കുപാളികള്‍, ഇരുമ്പുപൈപ്പുകള്‍ തുടങ്ങി അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന സാധന സാമിഗ്രികളാണ് മൂന്നു മാസത്തിനിടെ ഇരുവരും ചേര്‍ന്നു മോഷ്ടിച്ചത്.
സിദ്ദിഖിന്റെ പെട്ടിയോട്ടോയിലെത്തി രാത്രിയിലാണ് സാധനങ്ങള്‍ മോഷ്ടിച്ചിരുന്നത്. സാധനങ്ങള്‍ പതിവായി മോഷണം പോയതോടെ കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജര്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ പെട്ടിഓട്ടോയില്‍ എത്തിയ ഇരുവരും ചേര്‍ന്ന് മണിപ്പുഴയില്‍ റോഡുവക്കില്‍ സൂക്ഷിച്ചിരുന്ന ഉരുക്കുകഷണങ്ങള്‍ ഉള്‍പ്പടെയുളള സാധനങ്ങള്‍ ഓട്ടോയില്‍ കയറ്റുകയായിരുന്നു. ഇതിനിടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ രണ്ടു ജീവനക്കാര്‍ െബെക്കില്‍ ഇതുവഴി വന്നു. അവരെ കണ്ടതോടെ മോഷ്ടാക്കള്‍ ഓട്ടോയില്‍ രക്ഷപ്പെട്ടു. ഇതോടെ ജീവനക്കാര്‍ ഓട്ടോറിക്ഷയെ െബെക്കില്‍ പിന്തുടര്‍ന്നു.
അമിതവേഗത്തില്‍ പോകുന്ന ഓട്ടോറിക്ഷയും പിന്തുടരുന്ന െബെക്കും കണ്ട മാന്നാര്‍ പോലീസ് പട്രോളിങ് സംഘം ഇവരെ പിന്തുടര്‍ന്ന് പോലീസ് ജീപ്പ് കുറുകെയിട്ട് ഓട്ടോ തടഞ്ഞു. മറ്റുവഴിയില്ലാതെ ഓട്ടോയില്‍നിന്ന് ഇറങ്ങിയോടിയ സിദ്ദിഖിനെയും മുഹമ്മദ് ഇല്യാസിനെയും പോലീസും ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.