മലപ്പുറം: പ്രണയബന്ധത്തില്‍ നിന്നു യുവാവ് പിന്മാറിയെന്നാരോപിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി പതിനേഴുകാരി. തിരൂര്‍ റെയിവേ സ്റ്റേഷനില്‍ ആണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ എന്‍ജിന്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട് യാത്രാക്കാര്‍ വിവരം ആര്‍പിഎഫിനെ അറിയിച്ചു.
തുടര്‍ന്ന് ആര്‍പിഎഫ് ഇടപെട്ടപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയില്‍ താമസിക്കുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പതിനേഴുവയസുമാത്രമുള്ള പെണ്‍കുട്ടി, ”ഏറെനാളത്തെ” പ്രണയത്തിനൊടുവില്‍ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലാണ് റെയിവേ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്യാനെത്തിയത് എന്നാണ് പറയുന്നത്.
തുടര്‍ന്ന് തിരൂര്‍ റെയിവേ സ്റ്റേഷനിലെ ആര്‍.പി.എഫ് എസ്. ഐ സുനില്‍കുമാറിന്റെ ഇടപെടലിലൂടെ പെണ്‍കുട്ടിയെ പിന്തിരിപ്പിച്ച്, വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
യുവാവും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം അറിഞ്ഞ് വീട്ടുകാര്‍ കല്യാണം ഉറപ്പിച്ചതായിരുന്നെന്നും പിന്നീട് യുവാവ് അതില്‍നിന്നും പിന്മാറുകയായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി.
ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാനെത്തിയതാണെന്നു കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയും മലപ്പുറത്തുനിന്ന് അധികൃതരെത്തി കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു.