KeralaNEWS

പ്രതിപക്ഷം വിഷയങ്ങളില്ലാത്ത പരിതാപ അവസ്ഥയില്‍; വിളക്ക് കൊളുത്തുമ്പോള്‍ ഗോള്‍ വാള്‍ക്കറിനെ മനസിലായിരുന്നില്ലെങ്കില്‍ സതീശന്‍ അത് പറയണം: പി രാജീവ്

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ നിയമ മന്ത്രി പി രാജീവ്. സഭയില്‍ വിഷയങ്ങളൊന്നുമില്ലാത്ത പരിതാപകരമായ അവസ്ഥയിലേക്ക് പ്രതിപക്ഷം മാറിയെന്ന് പരിഹസിച്ച മന്ത്രി, നിയമസഭ സംവിധാനം പ്രതിപക്ഷം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

സ്പീക്കറുടെ റൂളിംഗ് നിയമ സഭക്ക് പുറത്ത് ഉന്നയിച്ചത് തെറ്റാണെന്നും സ്പീക്കറെ അവഹേളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത പ്രതിപക്ഷ നേതാവിന്റെ നടപടി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാജീവ് വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മാത്രമെ സഭയില്‍ വരാന്‍ പാടുള്ളൂ എന്നാണ് ചട്ടം. സ്വര്‍ണക്കടത്ത് സബ്മിഷന്‍ സഭാ രേഖ വായിച്ചാല്‍ ചട്ടലംഘനം ബോധ്യപ്പെടും. ചട്ടം ലംഘിക്കപ്പെട്ടാല്‍ അത് കീഴ് വഴക്കവും അവകാശവുമായി മാറുമെന്നും രാജീവ് പറഞ്ഞു.

ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്നിലെ വിളക്കില്‍ തിരികൊളുത്തിയതില്‍ പ്രതിപക്ഷ നേതാവെന്താണ് മറുപടി നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഗോള്‍വാള്‍ക്കറുടെ ചിത്രം കണ്ടപ്പോള്‍ ശിരസ്സ് കുനിച്ച് വിളക്ക് കൊളുത്താനല്ല വി എസ് അച്ചുതാനന്ദന്‍ പോയത്. പക്ഷേ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഗോള്‍വാക്കറുടെ ചിത്രത്തിനു മുന്നില്‍ തിരികൊളുത്തി.

വിഎസിന്റെ പ്രസംഗം പുറത്തു വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ അന്നത്തെ പ്രസംഗം പുറത്തു വിടണം. തെറ്റുപറ്റിയെങ്കില്‍ അദ്ദേഹം അതു തുറന്ന് പറയാന്‍ തയ്യാറാകണം. വിളക്ക് കൊളുത്തുന്ന സമയത്ത്, ഗോള്‍ വാള്‍ക്കറിനെ മനസിലായിരുന്നില്ല എന്നാണെങ്കില്‍ അത് പറയണം. പ്രതിപക്ഷ നേതാവിനെതിരെ ഗൗരവകരമായ പ്രശ്‌നങ്ങളുന്നയിക്കപ്പെട്ടുവെന്നും പി രാജീവ് ആരോപിച്ചു.

നടി കേസുമായി ബന്ധപ്പെട്ട മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ യൂട്യൂബ് വീഡിയോ അനുചിതമാണ്. അത് കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വിശദീകരിച്ച മന്ത്രി പക്ഷേ സര്‍ക്കാറെന്നും അതിജീവിതക്ക് ഒപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു.

Back to top button
error: