ടോക്കിയോ: ജപ്പാന്റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഷിൻസോ അബെയുടെ പാർട്ടിക്ക് വിജയമെന്നു സൂചന. നരാ നഗരത്തിൽ തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കായി (എൽഡിപി) നടത്തിയ പ്രചാരണത്തിനിടെയായിരുന്നു അബെയ്ക്കു വെടിയേറ്റത്.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 125 സീറ്റുകളിൽ കുറഞ്ഞതിൽ 63 സീറ്റിലെങ്കിലും ഇവർ വിജയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗിക മാധ്യമായ എന്‍എച്ച്കെയാണ് വിവരം പുറത്തുവിട്ടത്. വോട്ടുകൾ എണ്ണിക്കഴിഞ്ഞെങ്കിലും ജപ്പാന്റെ ആഭ്യന്തരകാര്യ, കമ്യൂണിക്കേഷൻസ് മന്ത്രാലയം ഔദ്യോഗികമായി ഫലം പുറത്തുവിട്ടിട്ടില്ല.
തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനെ നടുക്കിയ ആക്രമണമായിരുന്നു അബെ വധം. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പങ്കാളിത്തം കുറയ്ക്കരുതെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ആക്രമണം ജനാധിപത്യത്തിനുനേർക്കു നടത്തിയതാണെന്നും അവർ അപലപിച്ചു.