KeralaNEWS

സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ക്കായി ചെലവിട്ടത് 8.72 കോടി; ലൈഫ് മിഷന്‍ കേസിന് മാത്രം അരക്കോടി

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകനു പ്രതിഫലമായി നൽകിയത് 55 ലക്ഷം രൂപ. ഒന്നാം എൽഡിഎഫ് സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തെ തുകയാണിത്. ഹൈക്കോടതിയിൽ വിവിധ കേസുകളിൽ സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകർക്ക് ഈ കാലയളവിൽ നൽകിയത് 8,72,90,000 രൂപ.

ഒരു അഭിഭാഷകന് 22 ലക്ഷം നല്‍കാനുണ്ട്. അഭിഭാഷകർക്ക് യാത്രാ ചെലവിനത്തിൽ 24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നൽകി. ലൈഫ് മിഷൻ കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് സിബിഐ പ്രവർത്തിക്കുന്നതെന്നും അതിനാല്‍ സിബിഐ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമാണെന്നുമാണ് ലൈഫ് മിഷൻ വാദിച്ചത്. എന്നാൽ, സിബിഐ അന്വേഷണം തുടരാമെന്നു സുപ്രീംകോടതി നിർദേശിച്ചു.

സ്വർണക്കടത്തു കേസ് വിവാദത്തിനിടെയാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടായതായി ആരോപണം ഉയർന്നത്. പദ്ധതിക്കായി യുഎഇയിൽനിന്ന് ലഭിച്ച 18.50 കോടിയിൽ 14.50 കോടി ഉപയോഗിച്ചശേഷം ബാക്കി തുക കമ്മിഷനായി വിതരണം ചെയ്തെന്നാണു കേസ്.

Back to top button
error: