NEWSWorld

ബാറുകളില്‍ വെടിവയ്പ്പ്: ദക്ഷിണാഫ്രിക്കയില്‍ 21 മരണം

ജോഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വിവിധ ബാറുകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ വെടിവയ്പില്‍ 21 മരണം. തലസ്ഥാനമായ ജോഹനാസ്ബര്‍ഗിനു സമീപമുള്ള സൊവെറ്റോ ടൗണ്‍ഷിപ്പിലെ ബാറില്‍ ഇന്നലെയുണ്ടായ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

ഒര്‍ലാന്‍ഡോ ഈസ്റ്റ് ടവേണ്‍ എന്ന ബാറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ വിവേചന രഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. കൂട്ടക്കുരുതിക്കുശേഷം ആയുധധാരികളായ അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

എന്നാല്‍, അക്രമി സംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നതിലടക്കം പോലീസിനു വ്യക്തതയില്ല. ഇതുവരെ ആരെയും അറസ്റ്റ്് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

സൊവെറ്റോ ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് നഗരത്തിലെ ബാറിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്കു പരുക്കേറ്റു. ശനിയാഴ്ച െവെകിട്ട് 8.30 ന് സ്വീറ്റ്‌വാട്ടേഴ്‌സ് ബാറിലെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയതെന്നു പോലീസ് അറിയിച്ചു.

രണ്ടു സംഭവങ്ങളുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് അധികൃതര്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കാത്‌ലോങ് നഗരത്തിലെ മറ്റൊരു ബാറിലും വെടിവയ്പ് നടന്നിരുന്നു. രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരുക്കേറ്റു.

വിവിധ അക്രമസംഭവങ്ങളിലായി 20,000 ലധികം പേര്‍ ഓരോ വര്‍ഷവും ഇവിടെ കൊലചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 

Back to top button
error: