ന്യൂഡല്‍ഹി: ഇന്ത്യന്‍ സിമന്റ് വിപണിയില്‍ ഇനി മത്സരമേറും. വിപണിപിടിക്കാന്‍ നേപ്പാളില്‍നിന്നും സിമന്‍്‌റ് എത്തിത്തുടങ്ങി. സിമന്റ് നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടിയ നേപ്പാള്‍ ഇതാദ്യമായാണ് ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിക്കുന്നത്.
പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള താന്‍സെന്‍ ബ്രാന്‍ഡാണ് ഇന്ത്യയിലെത്തുന്നത്. നേപ്പാളില്‍ നിന്നുള്ള സിമന്റിന് വിലയുടെ കാര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്.
ഇന്ത്യയിലേക്കുള്ള കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നവല്‍പരസി ജില്ലയില്‍ പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ആദ്യദിനത്തില്‍ 3000 ചാക്ക് സിമന്റ് ഇന്ത്യയിലേക്ക് അയച്ചതായും ദിനംപ്രതിയുള്ള ആവശ്യകത അനുസരിച്ച് ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യുമെന്നും പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് പിആര്‍ഒ ജീവന്‍ നിരുവാല അറിയിച്ചു.
നേപ്പാളില്‍ നിന്നുള്ള അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗപ്പെടുത്തി സിമന്റ് നിര്‍മിക്കുന്ന കമ്പനികള്‍ക്ക് കയറ്റുമതി തീരുവയില്‍ എട്ട് ശതമാനം കിഴിവ് നല്‍കുമെന്ന് വാര്‍ഷികബജറ്റില്‍ നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. 22 മില്യണ്‍ ടണ്‍ സിമന്റാണ് നേപ്പാളിന്റെ ഉത്പാദനക്ഷമത. സിമന്റിന്റെ കയറ്റുമതിയിലൂടെ നേപ്പാളിന് ഇന്ത്യയുമായുള്ള വ്യാപാരക്കമ്മിയില്‍ 15 ശതമാനം കുറവുണ്ടാകുമെന്ന് പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശേഖര്‍ അഗര്‍വാള്‍ പറഞ്ഞു.
സിമന്റ് നിര്‍മാണത്തില്‍ നേപ്പാള്‍ സ്വയംപര്യാപ്തത നേടിയതിനെ വ്യവസായ പ്രമുഖര്‍ സ്വാഗതം ചെയ്തു. ഏകദേശം അമ്പതോളം സിമന്റ് നിര്‍മാണകമ്പനികളാണ് നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പല്‍പ ഉള്‍പ്പെടെ 15 കമ്പനികള്‍ സിമന്റും ക്ലിങ്കറും നിര്‍മിക്കുന്നുണ്ട്. നിലവില്‍ ദിനംപ്രതി 1,800 ടണ്‍ സിമന്റും 800 ടണ്‍ ക്ലിങ്കറുമാണ് പല്‍പ സിമന്റ് ഉത്പാദിപ്പിക്കുന്നത്. 3,000 ടണ്ണാണ് കമ്പനിയുടെ ഉത്പാദനക്ഷമത.