മാമ്പഴക്കാലമായാല്‍ മാമ്പഴം കഴിക്കാതെ ഒരു ദിവസം പോലും ചെലവിടാൻ സാധിക്കാത്തവരുണ്ട്. അത്രമാത്രം ആരാധകരുള്ളൊരു പഴമാണ് മാമ്പഴം.ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ വീടുകളില്‍ നിന്ന് തന്നെ ആവശ്യത്തിന് മാമ്പഴം ലഭിക്കും. നഗരങ്ങളാണെങ്കില്‍ വിപണിയെ ആശ്രയിക്കുക തന്നെ വഴി.
എന്തായാലും സീസണ്‍ ആയാല്‍ മാമ്പഴം കഴിക്കാതിരിക്കാൻ ആവില്ലല്ലോ. എന്നാല്‍ ചിലപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിരിക്കും മാമ്പഴം മുഖക്കുരു ഉണ്ടാക്കുമെന്നുള്ള വാദം. മാമ്പഴത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ചര്‍മ്മത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളും മാമ്പഴത്തിലുണ്ട്. ഇക്കാര്യങ്ങളെല്ലാം എപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ളതുമാണ്.
അങ്ങനെയെങ്കില്‍ ചര്‍മ്മത്തിന് ഇത്രമാത്രം ഗുണകരമാകുന്ന മാമ്പഴം എങ്ങനെയാണ് മുഖക്കുരു ഉണ്ടാക്കുക? സ്വാഭാവികമായും സംശയം ഉയരാം. ഇത് തീര്‍ത്തും നുണയാണെന്ന് പറഞ്ഞ് തള്ളാൻ സാധിക്കില്ല. എന്നാല്‍ എല്ലാവരെയും ബാധിക്കുന്ന സംഗതിയുമല്ല.
ആദ്യം മാമ്പഴം ചര്‍മ്മത്തിന് പ്രയോജനപ്പെടുന്നത് എങ്ങനെയെന്ന് ഒന്നറിയാം. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തില്‍ നിന്ന് വിഷാംശം ഇല്ലാതാക്കുന്നു. ഇതോടെ ബാക്ടീരിയ പോലുള്ള സൂക്ഷ്മ രോഗാണുക്കളുടെ ആക്രമണത്തില്‍ നിന്ന് ചര്‍മ്മം ഒരു പരിധി വരെ രക്ഷപ്പെടുന്നു.
നമുക്ക് പ്രായം തോന്നിക്കുന്നത് അധികവും ചര്‍മ്മത്തിലൂടെയാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുക, പാടുകള്‍ വീഴുക, തിളക്കം മങ്ങുകയെല്ലാം പ്രായം തോന്നിക്കാൻ കാരണമാകും. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാമ്പഴം സഹായകമാണ്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-എയുടെ ഉയര്‍ന്ന അളവാണ് ഇതിന് സഹായകമാകുന്നത്. സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാമ്പഴം സഹായകമാണ്. ഇങ്ങനെ ചര്‍മ്മത്തെ പലരീതിയില്‍ മാമ്പഴം മെച്ചപ്പെടുത്തുന്നു.
എന്നാല്‍ ഇന്‍സുലിന്‍ റെസിസ്റ്റൻസ് ഉള്ളവരില്‍, അതായത് ഇൻസുലിൻ ഹോര്‍മോണിനോട് കൃത്യമായി പ്രതികരിക്കാൻ സാധിക്കാത്തവരില്‍ മാമ്പഴം അല്‍പം പ്രശ്നം ഉണ്ടാക്കാം. ഇൻസുലിൻ ഹോര്‍മോണ്‍ ആണ് രക്തത്തിലെ ഗ്ലൂക്കോസ് (ഷുഗര്‍) നിയന്ത്രിക്കുന്നത്. ഇൻസുലിൻ ഹോര്‍മോണിനോട് ശരീരത്തിന് വേണ്ടവിധം പ്രതികരിക്കാൻ സാധിക്കാതിരിക്കുമ്പോള്‍ രക്തത്തില്‍ ഷുഗറിന്‍റെ അളവ് വര്‍ധിക്കുന്നു. ഇത് ക്രമേണ ടൈപ്പ്- 2 പ്രമേഹത്തിലേക്ക് നയിക്കാം.
എന്തായാലും നേരത്തേ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളവരില്‍ ഉയര്‍ന്ന ഗ്ലൈസമിക് സൂചികയുള്ള മാമ്പഴം കൂടി ചെല്ലുമ്പോള്‍ അത് ചര്‍മ്മത്തില്‍ ഓയില്‍ ഗ്രന്ഥികളില്‍ നിന്ന് അധികദ്രവം ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകുന്നു. ഇതാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത്.
മാമ്പഴം മാത്രമല്ല, ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ( ഗ്ലൈസമിക് സൂചിക- ഷുഗര്‍ ഉയര്‍ത്താനിടയുള്ള ഭക്ഷണത്തെ അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുന്ന സൂചിക) വിഭവങ്ങളെല്ലാം ഇത്തരത്തില്‍ ചിലരില്‍ മുഖക്കുരുവിന് കാരണമാകാം. ചോക്ലേറ്റ്, മിഠായികള്‍, കേക്ക്, പേസ്ട്രികള്‍, ജങ്ക് ഫുഡ് എല്ലാം ഇതിലുള്‍പ്പെടുന്നതാണ്.