കാഞ്ഞങ്ങാട്: മുൻ എം.എൽ.എ കെ കുഞ്ഞിരാമന്റെ പള്ളിക്കര അലക്കോട്ടെ വീട്ടുമുറ്റത്ത് നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. അജാനൂർ കൊളവയൽ സ്വദേശി അബ്ദുള്ള (48), ചട്ടഞ്ചാലിലെ റഷീദ് (48) എന്നിവരാണ് അറസ്റ്റിലായത്. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി വിപിൻ്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞങ്ങാട്ട് വെച്ചാണ് പ്രതികളെ പിടികൂടിയത്.
പ്രതികളിൽ നിന്നും ചന്ദനമരം കണ്ടെടുത്തു. വെള്ളിയാഴ്ച വെളുപ്പിന് 4 മണിയോടെയാണ് ചന്ദനം മുറിച്ചു കടത്തിയത്. വാൾ ഉപയോഗിച്ച് മുറിച്ചതായി കണ്ടെത്തിയിരുന്നു.
പുലര്‍ച്ച ശക്തമായ മഴയായിരുന്നു. ഇതിനാല്‍ മരം മുറിക്കുന്ന ശബ്ദം വീട്ടുകാര്‍ കേട്ടിരുന്നില്ല.. 25 വർഷം പ്രായമായ ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് മോഷണം പോയത്. രാവിലെ മാത്രമാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന സ്ഥലം സന്ദര്‍ശിച്ചു.
മരം മുറിക്കാനാവശ്യമായ വാളടക്കമുള്ള ഉപകരണങ്ങളുമായി പ്രതികൾ എത്തുന്നത് വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നാല് വര്‍ഷം മുമ്പ് വീട്ട് പറമ്പിലെ മറ്റൊരു ചന്ദനമരം നഷ്ടപ്പെട്ടിരുന്നു. അന്ന് പൊലീസിലും വനം വകുപ്പിനും നല്‍കിയ പരാതിയില്‍ ഇന്നും തീര്‍പ്പായിട്ടില്ല.