KeralaNEWS

സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിത നടപടി; മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്തില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത് ഉചിതവും സന്ദര്‍ഭോചിതവുമായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ ജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ല. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സ്വീകരിച്ചത്.

Signature-ad

ഈ സംഭവം ദൂരവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്നങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സംസാരിച്ച കൂട്ടത്തില്‍ ചില തെറ്റുപറ്റിയിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞല്ലോ. സജി ചെറിയാന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കില്‍ പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്നനിലപാടല്ലേ പാര്‍ട്ടി പറയുകയെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചോദിച്ചു.

Back to top button
error: