IndiaNEWS

48കാരനായ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് 32കാരി ഡോക്ടർ ഗുർപ്രീത് കൗർ വധു, ചണ്ഡീഗഢിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇന്ന് ലളിതവും ഹൃദ്യവും വിവാഹ ചടങ്ങിന് സാക്ഷ്യം വഹിച്ചു

   പഞ്ചാബ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇന്ന് ഹൃദ്യവും ലളിതവുമായ ഒരു വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മന്നും ഹരിയാണയിലെ പെഹോവ സ്വദേശിനി ഡോക്ടർ ഗുർപ്രീത് കൗറുമായിരുന്നു വധൂവരന്മാർ.

പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മന്നിന് ഇനി കൂട്ട് ഡോക്ടറായ ഗുർപ്രീത് കൗർ. 48-കാരനായ ഭഗവന്ത് മന്നും 32-കാരി ഗുർപ്രീത് കൗറും തമ്മിലുള്ള വിവാഹം ചണ്ഡീഗഢിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ എ.എ.പി. അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളായിരുന്നു മുഖ്യാതിഥി.

ഭഗവന്ത് മന്നിന്റെ രണ്ടാം വിവാഹമാണിത്. ആറ് വർഷം മുൻപാണ് ആദ്യ ഭാര്യ ഇന്ദർപ്രീത് കൗറുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയത്. ആദ്യഭാര്യയും രണ്ട് മക്കളും അമേരിക്കയിലാണ് താമസം.

ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഗുർപ്രീത് കൗറുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി ഭഗവന്തിന്റെ ചണ്ഡീഗഢിലെ വീടിന് മുന്നിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

നാലു വർഷം മുമ്പ് എം.ബി.ബി.എസ്. പൂർത്തിയാക്കിയ ഗുർപ്രീത് ഹരിയാണയിലെ പെഹോവ സ്വദേശിനിയാണ് . ഗോപി എന്ന പേരിലാണ് ഗുർപ്രീത് അറിയപ്പെടുന്നത്. അച്ഛൻ ഇന്ദ്രജിത് സിങ് നട്ട് പഞ്ചാബിലെ മദൻപുർ ഗ്രാമത്തിലെ സർപഞ്ച് ആയിരുന്നു. ഒരു വർഷം മുമ്പാണ് ഇവരുടെ കുടുംബം മൊഹാലിയിൽ പുതിയ വീടെടുത്ത് താമസം തുടങ്ങിയത്.

ആം ആദ്മി പാർട്ടി അംഗമാണ് ഗുർപ്രീതിന്റെ അമ്മാവൻ ഗുർജിന്ദർ സിങ് നട്ട്. ഇരുവരുടേയും കുടുംബങ്ങൾക്ക് നാലു വർഷത്തോളമായി പരസ്പരം അറിയാമായിരുന്നു. ഭഗവന്തിന്റെ അമ്മയും സഹോദരിയുമാണ് ഗുർപ്രീതിനെ വധുവായി കണ്ടെത്തിയത്. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭഗവന്ത് മന്നിനൊപ്പം ഗുർപ്രീതും പ്രവർത്തിച്ചിരുന്നുവത്രേ. വിവാഹ ദിവസം രാവിലെ തന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗുർപ്രീത് ‘ശുഭദിനം വന്നിരിക്കുന്നു’ എന്നു കുറിച്ചു.

Back to top button
error: