IndiaNEWS

കാളീദേവിയെക്കുറിച്ച് വിവാദപരാമർശം; മഹുവ മൊയിത്രക്കെതിരെ കേസെടുത്തു

ദില്ലി: കാളീദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ കേസെടുത്തു. ഭോപ്പാൽ ജഹാംഗീരാബാദ് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 295 (എ) വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്ന്  ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി ഭോപ്പാൽ പൊലീസ് കമ്മീഷണർ അമിത് കുമാർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്. മഹുവ മൊയ്ത്രയുടെ പ്രസ്താവനകൾ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

അതേസമയം, വിവാദത്തിൽ മഹുവയെ പിന്തുണക്കാൻ ഇതുവരെ തൃണമൂൽ കോൺ​ഗ്രസ് തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം. മൊയിത്രയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്നും  പാർട്ടി അംഗീകരിക്കുന്നില്ലെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു. ഇത്തരം അഭിപ്രായങ്ങളെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നും എംപിക്ക് മുന്നറിയിപ്പ് നൽകുമെന്നും ടിഎംസി നേതൃത്വം വ്യക്തമാക്കി. മഹുവ മൊയിത്രയിൽ നിന്ന് വിശദീകരണം തേടാനും സാധ്യതയുണ്ടെന്ന് മുതിർന്ന ടിഎംസി നേതാവ് പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മഹുവ മൊയിത്ര വിവാദ പരാമർശം നടത്തിയത്. കാളീ ദേവിയെ  മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ഒരു ദേവതയായിട്ടാണ് താൻ സങ്കൽപ്പിക്കുന്നതെന്നായിരുന്നു മൊയിത്ര പറഞ്ഞത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ സിഗരറ്റ് വലിക്കുന്ന പോസ്റ്റർ വിവാദമായതിനെ തുടർന്നാണ് മഹുവ അഭിപ്രായം പറഞ്ഞത്. താനൊരു കാളീ ഭക്തയാണെന്നും ആരെയും ഭയക്കുന്നില്ലെന്നും മഹുവ ട്വീറ്റ് ചെയ്തു. നേരത്തെ പാർട്ടി തള്ളിപ്പറഞ്ഞതിനെ തുടർന്ന് മഹുവ പാർട്ടിയുടെ ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്തിരുന്നു.

Back to top button
error: