കൊച്ചി: വിവാദങ്ങളില്‍പ്പെട്ട് നിരവധി തവണ കോടതി കയറിയ കടുവയെ കുടുക്കി സെന്‍സര്‍ ബോര്‍ഡ്. ‘കടുവ’യില്‍ നായകന്റെ പേര് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. സിനിമയ്‌ക്കെതിരേ ജോസ് കുരുവിനാക്കുന്നല്‍ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകകരുടെയും ജോസ് കുരുവിനാക്കുന്നലിന്റെ അഭിഭാഷകരുടെയും വാദം സെന്‍സര്‍ ബോര്‍ഡ് കേട്ടിരുന്നു.
കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നതാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ജോസ് കുരുവിനാക്കുന്നല്‍ അറിയപ്പെടുന്നത് കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ്. കഥാപാത്രത്തിന്റെ പേരും ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹത്തിന്റെ കഥയുമായി സാമ്യമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്‍െ്‌റ അഭിഭാഷകരുടെ വാദം. കുറുവച്ചന്‍ എന്ന പേരിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ ജീവിതത്തിന്റെ യഥാര്‍ഥ ആവിഷ്‌കാരമാണിതെന്ന് പറയാനാകില്ലെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത് ഒന്നും തന്നെയില്ലെന്നും സെന്‍സര്‍ ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും ചിത്രം റിലീസിനെത്തുക. നേരത്തെ ചിത്രം റിലീസിന് തയാറെടുത്ത് തിയതിയും പ്രഖ്യാപിച്ചിരുന്നെങ്കിലും കേസില്‍പെട്ടതോടെ റിലീസ് നീട്ടുകയായിരുന്നു.
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ‘കടുവ’. സിനിമയുടെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പുറത്ത് വിട്ടത്. ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലനാ’ണ് ഈ പട്ടികയില്‍ ഒന്നാമത്. ‘സിംഹാസനം’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘കടുവ’.
ജിനു വി. എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘കടുവ’. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.